ഡൽഹി: രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി. റെയ്സാനിലും ഘർഗാവിലുമായിരുന്നു നടപടി. അക്രമം നടത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മോഹൻ ടാക്കീസ് മേഖലയിലെ നാല് വീടുകളും മൂന്ന് കടകളും, ഖാസ്ഖാസ് ബാഡിയിലെ 12 വീടുകളും 10 കടകളും, ഔറംഗ്പുരയിലെയും താലാബ് ചൗക്കിലെയും 12 കടകൾ എന്നിവയാണ് നിലംപരിശാക്കിയത്. ഗണേശ ക്ഷേത്രത്തിന് സമീപത്തെ 16 അനധികൃത നിർമ്മിതികളും സർക്കാർ പൊളിച്ചു നീക്കി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാമനവമി ഘോഷയാത്രക്ക് നേരെ ഒരു കൂട്ടമാളുകൾ അക്രമം അഴിച്ചു വിട്ടത്. ഘോഷയാത്ര ആരംഭിച്ചപ്പോൾ മുതൽ കല്ലേറും ആരംഭിച്ചു. ഇതിൽ നാല് പേർക്കും പൊലീസ് ഇൻസ്പെക്ടർക്കും പരിക്കേറ്റു. കൂടാതെ നാല് വീടുകൾക്കും അക്രമികൾ തീവെച്ചു. തുടർന്ന് തലാബ് ചൗക്കിലും ഗോശാല മാർഗിലും മോട്ടിപുരയിലും കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
അക്രമികളുടെ വീടുകൾ ഇടിച്ചു നിരത്തിയ സംഭവത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിൽ രാജ്യത്തെ നിയമവും ഭരണഘടനയും ഇടിച്ചു നിരത്താൻ സാദ്ധ്യമല്ലെന്ന് അവർ പറഞ്ഞു. അതേസമയം ഘോഷയാത്രക്ക് നേരെ ആക്രമണം അഴിച്ചു വിടുകയും പൂജാരിമാരെയും പൊലീസിനെയും ആക്രമിക്കുകയും ചെയ്തവർക്ക് നേരെ അവർ മൗനം പാലിച്ചു.
Discussion about this post