തിരുവനന്തപുരം: സിപിഎം- പോപ്പുലർ ഫ്രണ്ട് സഖ്യം കേരളത്തിൽ കൂടുതൽ ശക്തിപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ ഇ എൻ കുഞ്ഞഹമ്മദിന്റെ നടപടി ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാർ അറിയപ്പെടുന്ന ഒരു പോപ്പുലർ ഫ്രണ്ട് നേതാവിന്റേത് ആയിരുന്നുവെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഒരു ജവാനെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കാറാണ് യെച്ചൂരി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ കാർ വാടകയ്ക്ക് എടുത്തതാണെന്നും ഇതിന് മുൻപും നിരവധി വി ഐ പികൾ ആ കാർ ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള ന്യായീകരണവുമായി സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. ഇത് പച്ചക്കളമാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
കാർ ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. യെച്ചൂരി മാത്രമല്ല, സിപിഎമ്മിന്റെ പല ഉന്നത നേതാക്കളും കാർ പല തവണ ഉപയോഗിച്ചിട്ടുണ്ട്. ഇത് പരസ്യമായ ബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് മതഭീകരവാദ ശക്തികൾ എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ട് ആളുകളെ കൊലപ്പെടുത്തുന്ന സാഹചര്യത്തിലാണ് സിപിഎം അവരുമായി കൂട്ട് കൂടുന്നത്. പോപ്പുലർ ഫ്രണ്ടിനെ മുന്നണിയിൽ എടുക്കണമെന്ന ആവശ്യം പല സിപിഎം നേതാക്കളും ഉന്നയിച്ചു തുടങ്ങിയതായും കെ സുരേന്ദ്രൻ പറഞ്ഞു.









