റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായും അളവ്, വില എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍. യുക്രൈന് അധിനിവേശത്തിന് ശേഷം റഷ്യന്‍ എണ്ണക്ക് രാജ്യാന്തര തലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ വളരെ കുറഞ്ഞ വിലയില്‍ എണ്ണ കിട്ടാനുള്ള സാധ്യതയാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളെ ആകര്‍ഷിക്കുന്നത്. മോസ്കോയിലെ റോസ്നെഫ്റ്റ് കമ്പനിയില്‍ നിന്നാണ് ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുക. പുതിയ കരാര്‍ അടുത്ത ആറ് മാസത്തേക്കാകും എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
”ഇന്ത്യയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ആറ് മാസത്തെ പുതിയ വിതരണ കരാറുകള്‍ അന്തിമമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ചരക്കുകള്‍ റോസ്നെഫ്റ്റില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഷിപ്പിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വില്പനക്കാരെ സജ്ജമാക്കിയിട്ടുണ്ട്”, എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഭാഗികമായി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റോസ്നെഫ്റ്റില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യയില്‍ ഇറക്കുമതി ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച്, 105.8 ബില്യണ്‍ ഡോളര്‍ ചെലവാക്കി193.5 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മിഡില്‍ ഈസ്റ്റില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് രാജ്യത്ത് ക്രൂഡ് ഓയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. 2021-ല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത് വെറും 12 ദശലക്ഷം ബാരല്‍ എണ്ണയാണ്. ഇത് മൊത്തം ഇറക്കുമതിയുടെ 2 ശതമാനം മാത്രമാണ്. ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉത്പാദനം അതിലും കൂടുതലാണ്. കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ഇക്കഴിഞ്ഞ മെയ് മാസം 740,000 ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏപ്രിലില്‍ ഇത് 284,000 ബാരല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്നും ആകെ വാങ്ങിയത് 34,000 ബാരല്‍ എണ്ണയാണ്.
എണ്ണ വില ഉയരുമ്പോള്‍, രാജ്യങ്ങള്‍ നല്ല ഡീലുകള്‍ തേടുന്നത് സ്വാഭാവികമാണെന്നും ഇന്ത്യ ഒരുമാസം വാങ്ങുന്ന എണ്ണ യൂറോപ്പ് അരദിവസം വാങ്ങുന്നത്രയും വരില്ലെന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടു പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post