കണ്ണൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ. എന്നാൽ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആരംഭിച്ച പ്രതിഷേധം ഇന്നും ശക്തമാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്. രാത്രി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി താമസം ഗസ്റ്റ് ഹൗസിലാക്കി. സുരക്ഷ കണക്കിലെടുത്ത് പോലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം.
പിണറായിയിലെ വീട്ടില്‍ രാത്രി താമസിക്കാനായിരുന്നു നേരത്തെ മുഖ്യമന്ത്രിയുടെ തീരുമാനം. അതേസമയം, കണ്ണൂരിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ കൂനം- പൂമംഗലം – കാഞ്ഞിരങ്ങാട് – മന്ന റോഡ് വഴി പോകണം. രാവിലെ 10:30 ന് തളിപറമ്പ് കില ക്യാമ്പസിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ശേഷം 12:30 ന് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാല സംഗമവും ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലും കണ്ണൂർ നഗരത്തിലടക്കം കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. കോഴിക്കോട് പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെ വടകരയിൽ വെച്ചായിരുന്നു പ്രതിഷേധം. പത്തോളം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Discussion about this post