കോട്ടയം: പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എഎസ്ഐ ഷെയർ ചെയ്തത് വിവാദമാകുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലർ ഫ്രണ്ടിന് പിന്തുണ നൽകി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ആണ് വനിത എ എസ് ഐ റംല ഇസ്മായിൽ ഷെയർ ചെയ്തത്.
ഈ മാസം ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസിനും കോടതി നടപടികൾക്കും എതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയിൽ ഷെയർ ചെയ്തത്. അതേസമയം, ഇതുവരെ റംലയ്ക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല.
റംലയ്ക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധവുമായിബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. റംലക്കെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായി എൻ ഹരി ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു. ആശ്ചര്യജനകമായ സംഭവമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്നും ഹരി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധം അടക്കം നടത്താനാണ് തീരുമാനമെന്ന് എൻ ഹരി വ്യക്തമാക്കി.
Discussion about this post