ആലപ്പുഴ ∙ രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മകന് നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട ബന്ധുനിയമന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തൻറെ മകന് യോഗ്യതയുള്ളത്കൊണ്ടാണ് ആർജിസിബിയിൽ മകന് ജോലി ലഭിച്ചതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. മകൻ്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തന്നെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘ജോലി ചെയ്യാനുള്ള അവകാശം എന്റെ മകനുണ്ട്. മറ്റേതു പൗരനുമുള്ള അവകാശങ്ങൾ എന്റെ മകനുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സന്ദർശനം നടത്തുന്ന ദിവസം തന്നെ എന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത വന്നത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. ഈ വാർത്ത പൂർണമായും അവാസ്തവമാണ്. ഈ തെറ്റായ വാർത്ത നൽകിയവർക്കെതിരെ നിയമം അനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളും’’ – സുരേന്ദ്രൻ പറഞ്ഞു.
‘‘എന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള അസ്വാഭാവികമായ ഇടപെടലുകളും ഉണ്ടായിട്ടില്ല. ഞാൻ പൂർണ ഉത്തരവാദിത്തത്തോടു കൂടിയാണ് പറയുന്നത്. എന്റെ മകന്റെ നിയമനം പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ്. ഒരുവിധത്തിലും ഞാനോ എനിക്കുവേണ്ടി മറ്റുള്ളവരോ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ആ സ്ഥാപനവും എന്റെ മകനാണ് ജോലി ലഭിച്ചതെന്ന് ജോലി കിട്ടിക്കഴിഞ്ഞ് മാത്രമാണ് അറിയുന്നത്. നിങ്ങൾക്ക് ആരേക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിച്ച് വാർത്ത കൊടുക്കാം. എന്ത് അന്വേഷണവും നടത്താം. സത്യം കണ്ടെത്താനുള്ള എല്ലാ പരിശ്രമങ്ങൾക്കും നിങ്ങൾ ആവശ്യപ്പെടുന്നതുപോലെ ഞാനും തയാറാണ്.’’
‘‘പക്ഷേ, ഒരു വാർത്ത കൊടുക്കുന്നതിനു മുൻപ് അതുമായി ബന്ധപ്പെട്ടവരോട് സംസാരിച്ച് എന്താണ് നടന്നതെന്ന് ആരായുന്നത് നല്ലതാണ്. നമ്മുടെ രാജ്യത്ത് അങ്ങനെ ആരെയെങ്കിലും കളിപ്പിക്കാനാകുമോ? പ്രത്യേകിച്ചും എന്നേപ്പോലെ ഇത്രയും ആക്രമണം നേരിടുന്ന പൊതുപ്രവർത്തകൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ എനിക്കൊന്നും പറയാനില്ല. മുൻപ് എന്റെ മകൻ കുഴൽപ്പണം കടത്തിയെന്ന് വാർത്ത കൊടുത്തവരാണ് മാധ്യമങ്ങൾ. ഇപ്പോൾ മകന്റെ ജോലിയും പ്രശ്നമായി. എന്റെ മകനായതുകൊണ്ട് ഒരു പരീക്ഷയിലും പങ്കെടുക്കാൻ പാടില്ല, ഒരിടത്തും ജോലി ചെയ്യാൻ പാടില്ല എന്നു പറയാനാകുമോ?’’
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്ടനോളജിയിൽ ടെക്നിക്കൽ ഓഫീസർ എന്ന തസ്തികയിലാണ് കെ സുരേന്ദ്രൻ്റെ മകന് നിയമനം ലഭിച്ചത്. ബി ടെക് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു ഒഴിവിലേയ്ക്ക് ഹരികൃഷ്ണൻ കെ എസിന് നിയമനം നൽകിയെന്നും എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങൾ നൽകാൻ മാസങ്ങൾക്കു ശേഷവും സ്ഥാപനം തയ്യാറാകുന്നില്ലെന്നുമാണ് ചില മാദ്ധ്യമറിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് ഹരികൃഷ്ണന് ആർജിസിബി നിയമനം നൽകിയതെന്നാണ് റിപ്പോർട്ട്. അടിസ്ഥാന ശമ്പളം ഉൾപ്പെടെ 70,000 രൂപ വരെയാണ് പരിശീലന കാലയളവിൽ ലഭിക്കുന്നത്. ഹരികൃഷ്ണൻ നിലവിൽ വിദഗ്‍ധ പരിശീലനത്തിനായി ഡൽഹിയിലെ സാങ്കേതിക സ്ഥാപനത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നാണ് ആർജിസിബിയുടെ വിശദീകരണം.
Discussion about this post