മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പേസർ ജസ്പ്രീത് ബൂമ്രയ്ക്ക് പകരം മൊഹമ്മദ് സിറാജ് ഇറങ്ങും. ഞായറാഴ്ച ഗുവാഹട്ടിയിലാണ് പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരം. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
സ്‌ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും നടുവേദന കാരണം തിരുവനന്തപുരത്തെ മത്സരത്തിന് ബൂമ്ര എത്തിയിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ബൂമ്ര കളിച്ചിരുന്നു. എന്നാൽ ബൂമ്രയുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ താരം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ആരാധകർ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ലോകകപ്പ് സ്‌ക്വാഡിൽ ബൂമ്രയെ നിലനിർത്തിയിട്ടുണ്ട്. നിലവിൽ താരം മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറംവേദന കാരണം ഏഷ്യാ കപ്പും ബൂമ്രയ്ക്ക് നഷ്ടമായിരുന്നു. ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കുന്തമുനയാണ് ബൂമ്ര.
ബൂമ്രയുടെ പരിക്ക് ഭേദമാകാൻ ആറ് മാസമെങ്കിലും വേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷമി ഇതുവരെ കോവിഡിൽ നിന്ന് മുക്തമാകാത്തതിനാൽ ഉമേഷ് യാദവിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു.
Discussion about this post