തിരുവനന്തപുരം: സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുന്നത്
മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയതെന്നും ഗവർണർ പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ആക്ഷേപമാണ് അദ്ദേഹം നേരിടുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ബന്ധുനിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാണിച്ചതു കൊണ്ടാണ് മന്ത്രിമാർ ഗവർണറെ അവഹേളിക്കുന്നത്. അഴിമതിക്ക് കുടപിടിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്നും വെറൊന്നും പ്രതീക്ഷിക്കാനില്ല. ഗവർണറെ ഭീഷണിപ്പെടുത്തി എന്തും ചെയ്യാമെന്ന് പിണറായി വിജയൻ കരുതരുതെന്നും വില കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ ഗവർണർക്ക് നേരെ ഉന്നയിക്കുന്നത് അവസാനിക്കുന്നതാണ് സർക്കാരിന് നല്ലതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിമാർക്ക് ഭരണഘടനയോടാണ് കൂറ് വേണ്ടതെങ്കിലും കേരളത്തിൽ സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ചാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. അഴിമതിയുടെ പങ്ക് കിട്ടുന്നതു കൊണ്ടാണ് പ്രതിപക്ഷം ഭരണപക്ഷത്തിന് വേണ്ടി ഗവർണറെ വിമർശിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഗവർണർക്കൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post