കോഴിക്കോട് ; സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് ബാങ്ക് മാനേജ്മെന്റും സിപിഎം യൂണിയനും തന്നെ ദ്രോഹിക്കുന്നതെന്ന പരാതിയുമായി കേരള ബാങ്കിലെ പാർട് ടൈം സ്വീപ്പർ ജീവനക്കാരി എം.ദീപ്തി. കേരളാ ബാങ്കിൻറെ കൊയിലാണ്ടി ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ദീപ്തിയെ അടുത്തിടെ മാവൂർ ബ്രാഞ്ചിലേക്കു മാറ്റുകയായിരുന്നു.കൊയിലാണ്ടിയിൽ ഒഴിവു വന്നെങ്കിലും പിന്നീട് തിരിച്ചു മാറ്റിയില്ല.
ഇതിനായി അപേക്ഷ നൽകിയപ്പോഴാണ് സിപിഎം ഉന്നതന്റെ നോമിനിക്കു വേണ്ടി കൊയിലാണ്ടിയിലെ ഒഴിവ് നീക്കി വച്ചിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതെന്ന് ദീപ്തി പറയുന്നു. ദിവസവും 40 കിലോമീറ്ററിലേറെ യാത്ര ചെയ്താണ് ദീപ്തി ഓഫിസിലെത്തുന്നത് . 20,000 രൂപയാണ് ശമ്പളം. അതേ സമയം സിപിഎം അനുകൂല യൂണിയനിൽ ചേർന്നാൽ സ്ഥലം മാറ്റ പ്രശ്നം ഉടൻ പരിഹരിച്ചു തരാമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞതായി ദീപ്തി പറയുന്നു. അതിനു സമ്മതിക്കാത്തതു കൊണ്ടാണു തൻറെ സ്ഥലം മാറ്റം നിഷേധിക്കുന്നത്.
ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവിന് വേണ്ടപ്പെട്ടയാൾക്കു നിയമനം നൽകാനുണ്ടെന്ന പേരിലാണ് എനിക്ക് അർഹമായ സ്ഥലംമാറ്റം നിഷേധിക്കുന്നതെന്നും ദീപ്തി പരാതിപ്പെടുന്നു. സിപിഎം അനുകൂല യൂണിയനിൽ ചേരാൻ വിസമ്മതിച്ചോടെ ഒരു തരത്തിലും സ്ഥലം മാറ്റം നൽകില്ലെന്നാണ് ബാങ്ക് മാനേജ്മെൻറിൻറെയും തീരുമാനം. നടപടിക്കെതിരെ കഴിഞ്ഞ ഒരു മാസമായി ദീപ്തി സമരത്തിലാണ്.
Discussion about this post