ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയിലെ ടെക്നീഷൻസിന് എല്ലാവർക്കും പ്രതിഫലം നൽകിയിട്ടുണ്ടെന്ന് ഉണ്ണിമുകുന്ദൻ. പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണം തെറ്റാണെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി. ബാല തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനല്ല താൻ എത്തിയതെന്നും തനിക്ക് വ്യക്തിപരമായി ചില കാര്യങ്ങൾക്ക് വിശദീകരണം നൽകേണ്ടതിനാൽ ആണ് പത്രസമ്മേളനം വിളിക്കുന്നതെന്നും ഉണ്ണിമുകുന്ദൻ വിശദീകരിച്ചു. ബാല തൻറെ അടുത്ത സുഹൃത്താണ് അതുകൊണ്ടാണ് പടത്തിൽ റോൾ നൽകിയതെന്നും ഉണ്ണി പറഞ്ഞു.
സിനിമ പുറത്തിറങ്ങിയതിന് ശേഷം താൻ ഓൺലൈനിൽ താരമായെന്നും കാശ് കൂട്ടിത്തരണമെന്നും ആവശ്യപ്പെട്ടു നടൻ ബാല ഉണ്ണിമുകുന്ദനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് ഉണ്ണിമുകുന്ദൻ.
20 ദിവസം അഭിനയിച്ചതിന് 2 ലക്ഷം രൂപ ബാലയ്ക്ക് പ്രതിഫലം നൽകി. .ഇതിന് മുമ്പുള്ള ചിത്രത്തിന് ബാല വാങ്ങിയത് 3 ലക്ഷമാണെന്നാണ് അദ്ദേഹം പ്രൊഡക്ഷൻ ടീമിനെ അറിയിച്ചത്. സൗഹൃദത്തിൻ്റെ പേരിലാണ് ബാലയ്ക്ക് കഥാപാത്രം നൽകിയതെന്നും ഉണ്ണിമുകുന്ദൻ ആവർത്തിച്ചു.
ട്രോളുകളുടെ പേരിൽ താൻ ഹിറ്റായി. ഓൺലൈനിൽ താൻ സൂപ്പർസ്റ്റാറാണെന്നും ആണ് ബാലയുടെ അവകാശവാദം. പടം ഹിറ്റായതിൻ്റെ പേരിൽ കൂടുതൽ പണം നൽകാൻ കഴിയില്ല.ബാലയ്ക്ക് ഡബ്ബ് ചെയ്യാൻ കഴിയാത്ത സീനുകളിൽ മറ്റ് ചിലരെക്കൊണ്ട് ഡബ്ബ് ചെയ്യിക്കേണ്ടി വന്നുവെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.
രണ്ടു മൂന്നു സീനുകളിൽ ബാലയ്ക്ക് ഡബ് ചെയ്യാൻ സാധിച്ചിട്ടില്ല. അത് ടീമിലെ ഒരു മിമിക്രി ആർട്ടിസിറ്റിനെകൊണ്ട് ബാലയുടെ ശബ്ദത്തിൽ ചെയ്യിക്കുകയാണ് ഉണ്ടായത്. തന്നെ അപമാനിക്കാനാണോ പടത്തിൽ അഭിനയിച്ച മറ്റുള്ളവരെ അപമാനിക്കാനാണോ ബാല ഇതു ചെയ്യുന്നതെന്നും തനിക്ക് അറിയില്ല. മനസ്സുകൊണ്ട് തനിക്ക് ബാലയോട് ദേഷ്യമില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ബാല സിനിമയിൽ ചെയ്ത റോൾ തനിക്ക് ഇഷ്ടമായിട്ടുണ്ടായെന്നും ഉണ്ണി അറിയിച്ചു.
Discussion about this post