കൊച്ചി: കോൺഗ്രസിനെ ആക്ഷേപിക്കാൻ നടൻ ഇന്ദ്രൻസിന്റെ ശരീരത്തെ കൂട്ടുപിടിച്ച മന്ത്രി വി.എൻ വാസവന്റെ പരാമർശത്തെ വിമർശിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ. വാസവന്റെ പ്രസ്താവന അങ്ങേയറ്റം അനുചിതമാണെന്നും ഇത് പച്ചയായ ബോഡി ഷെയ്മിങ്ങും അങ്ങേയറ്റം വികലമായ കാഴ്ചപാടുമാണ് കാണിക്കുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ മാത്യു കുഴൽനാടൻ പ്രതികരിച്ചു.
കോൺഗ്രസിനെ ആക്ഷേപിക്കുന്ന സിപിഎമ്മിന്റെ അവസ്ഥ ദേശീയതലത്തിൽ അനിസ്‌പ്രേയുടെ പരസ്യത്തിൽ പറഞ്ഞപോലെ ‘പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ ‘ എന്നതാണെന്നും മാത്യു കുഴൽനാടൻ പരിഹസിച്ചു. ഇത് ഓർക്കുന്നത് നല്ലതാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇന്ദ്രൻസ് കേരളത്തിന് പ്രിയപ്പെട്ടവനും പ്രതിഭാശാലിയായ നടനുമാണ്. ഇന്ദ്രൻസിനെ കുറിച്ച് അഭിമാനം മാത്രമേയുളളൂവെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.
നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് കോൺഗ്രസിനെ മന്ത്രി വി.എൻ വാസവൻ നടൻ ഇന്ദ്രൻസിന്റെ ശരീരപ്രകൃതിയോട് ഉപമിച്ചത്. മുൻപ് ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചനെപ്പോലിരുന്ന കോൺഗ്രസ് ഇപ്പോൾ നടൻ ഇന്ദ്രൻസിനെപ്പോലെയായി എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
മന്ത്രിയുടെ വാക്കുകൾ ബോഡി ഷെയിമിങ് ആണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങൾ വഴിയും മന്ത്രിക്കെതിരായ ആക്രമണം കടുപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. നേരത്തെ അടൂർ പ്രകാശ് ഉൾപ്പെടെയുളളവർ വാസവന്റെ വാക്കുകളെ വിമർശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ സൈബർ പോരാളികളും സമൂഹമാദ്ധ്യമങ്ങളിൽ മന്ത്രിയുടെ പരാമർശം ഏറ്റുപിടിച്ചിട്ടുണ്ട്.
Discussion about this post