കണ്ണൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയുളള വിദ്യാഭ്യാസരീതിക്കെതിരെ വിവാദ പ്രസ്താവനയുമായി ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. സർക്കാരിനെതിരെ കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു വിവാദ പരാമർശം.
കൗമാര പ്രായത്തിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ് നിങ്ങൾ അറിയേണ്ടത് സ്വയംഭോഗവും സ്വവർഗരതിയും അതല്ലേ ഹരം. ഇതായിരുന്നു രണ്ടത്താണിയുടെ വാക്കുകൾ.
കൗമാരപ്രായത്തിലേക്ക് എത്താത്ത കുട്ടികളെ ഒരുമിച്ചിരുത്തി ഇതിൽ ക്ലാസെടുത്തു കൊടുത്താൽ എന്താകും അവരുടെ സംസ്‌കാരം?. ആ സംസ്‌കാരം നാട്ടിലേക്കെത്തിയാൽ എവിടെക്ക് എത്തും ധാർമികമായ കാഴ്ചപ്പാടുളള വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുതെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിശദീകരിക്കുന്നതിനിടെ ആയിരുന്നു രണ്ടത്താണിയുടെ വിവാദ പരാമർശം.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളേ ഉളളൂ. ഏത് കോളജിലും എഴുപത് ശതമാനവും എൺപത് ശതമാനവും പെൺകുട്ടികളാണ്. 82 ശതമാനമാണ് തന്റെ നാടായ തിരൂരങ്ങാടി കോളജിൽ പെൺകുട്ടികളുടെ എണ്ണം, ബാക്കിയേ ആൺകുട്ടികൾ ഉളളൂവെന്നും രണ്ടത്താണി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യം ഉണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ലെന്നും രണ്ടത്താണി കൂട്ടിച്ചേർത്തു.
സ്്ത്രീയ്ക്കും പുരുഷനും ഒരുപോലെ നീതി കൊടുക്കാൻ ഭരണഘടന പറഞ്ഞിട്ടുണ്ട്. ഭരണഘടന അത് മാത്രമല്ല പറഞ്ഞത്. ഓരോ വ്യക്തിയുടെയും മതപരമായ വിശ്വാസം സംരക്ഷിക്കാൻ കൂടി പറയുന്നുണ്ടെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എത്തിയതോടെ ലീഗ് നേതാവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Discussion about this post