- ശബരിമല: മണ്ഡലകാല തീർത്ഥാടനം തുടങ്ങി ഒരു മാസം അടുക്കുമ്പോഴും പമ്പയിൽനിന്ന് ശബരിമലയിലേക്ക് തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശബരിമല ദർശനത്തിന് എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
സംസ്ഥാനസർക്കാരിനോ ദേവസ്വം ബോർഡിനോ ഒരു നയാപൈസ ചെലവില്ലാത്തതും പൂർണ്ണമായും കേന്ദ്രസർക്കാർ ചെലവിൽ പൂർത്തിയാക്കുന്ന റോഡ് നവീകരണമാണ് ഇങ്ങനെ കിടക്കുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തീർത്ഥാടകരോട് എന്തിനാണ് പിണറായി വിജയൻ സർക്കാർ ഈ ക്രൂരത കാണിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
നീലിമല പാതയിലെ ഈ ഭാഗത്ത് അയ്യപ്പൻമാർ വഴുതി വീഴുന്നതും പതിവാണ്. തീർത്ഥാടനം തുടങ്ങിയപ്പോൾ മുതൽ ഇത്തരത്തിൽ നിരവധി പരാതികൾ മാദ്ധ്യമ പ്രവർത്തകരോട് സഹിതം ഭക്തർ ഉന്നയിച്ചിരുന്നു. മഴ പെയ്താൽ ദുരിതം ഇരട്ടിയാകും. തിരക്ക് ഉയരുന്നതോടെ ഇവിടം അയ്യപ്പൻമാർക്ക് ഏറെ അപകടം പിടിച്ച മേഖലയാകുമെന്നും ആശങ്കയുണ്ട്.
കേന്ദ്രം ശബരിമലയ്ക്ക് അനുവദിച്ച പണം ചെലവഴിച്ച് സൗകര്യങ്ങളൊരുക്കാൻ സർക്കാർ എന്തുകൊണ്ടാണ് അമാന്തം കാണിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. അവലോകനയോഗത്തിൽ ദേവസ്വം ബോർഡ് പൊലീസിനെ പഴിചാരുന്നു. പൊലീസ് ദേവസ്വത്തെ കുറ്റപ്പെടുത്തുന്നു. മന്ത്രി പാർക്കിംഗ് കരാറുകാരെയും കെ. എസ്. ആർ. ടി സിയേയും കുറ്റപ്പെടുത്തുന്നു.
തിക്കിലും തിരക്കിലും തീർത്ഥാടകർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടം തിരിയുകയാണ്. പമ്പയിലും സന്നിധാനത്തും വിരിവെക്കാൻ സൗകര്യമില്ല. എട്ടും പത്തും മണിക്കൂർ ക്യൂ നിൽക്കുന്ന കൈക്കുഞ്ഞുങ്ങൾക്കടക്കം കുടിവെള്ളംപോലും കിട്ടുന്നില്ലെന്നും ഹോട്ടലുകളിലും കടകളിലും തീവെട്ടിക്കൊള്ളയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post