തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉപഗ്രഹ സർവെ നടത്തി ഭൂമിയുടെ അതിര് നിശ്ചയിക്കുന്നതിന് പകരം ജനങ്ങളുടെ അവസ്ഥ മനസിലാക്കി നേരിട്ടുള്ള സർവെ നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുപ്രീംകോടതിയിൽ നിന്ന് കർഷകർക്ക് അനുകൂലമായ വിധി നേടിയെടുക്കേണ്ട സംസ്ഥാന സർക്കാർ വലിയ അലംഭാവമാണ് കാണിക്കുന്നത്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. പക്ഷെ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണം. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുള്ളത്. അവരെ ശത്രുപക്ഷത്ത് നിർത്തുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്.
ജനവിരുദ്ധനയങ്ങൾ പിണറായി സർക്കാർ പതിവാക്കിയിരിക്കുകയാണ്. സർക്കാരിന്റെ ജനദ്രോഹ സമീപനത്തിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് പകരം ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് ബഫർ സോൺ പ്രതിസന്ധിക്ക് കാരണം. മലയോര കർഷകർക്കൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഉപഗ്രഹ സർവ്വെയെ എതിർക്കുന്നവർക്ക് ഗൂഢോദ്ദേശ്യം ആണെന്ന് മുഖ്യമന്ത്രി വിമർശിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി എത്തിയത്. ഉപഗ്രഹ സർവ്വെയ്ക്ക് പിന്നിൽ സദുദ്ദേശ്യം മാത്രമാണെന്നും സുപ്രീംകോടതി നിർദ്ദേശം പാലിക്കാൻ വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.
Discussion about this post