തിരുവനന്തപുരം : പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരേ രാജ്യത്തെ വിവിധഭാഗങ്ങളിലായി ഇരുന്നൂറോളം കേസുകളുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുകയും അവിടെനിന്ന് ഭക്ഷണം കഴിച്ചിട്ട് കാശ് നൽകാതെ മുങ്ങുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഹോട്ടലിലെ താമസിക്കുന്നതിനിടെ അവിടെ മോഷണവും നടത്താറുണ്ട്. വിന്‍സെന്റ് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുക്കാറുള്ളത്.
മുറിയുടെ വാടകയും ഭക്ഷണത്തിന്റെ ബില്ലുമെല്ലാം മുറി ഒഴിവാകുന്നദിവസം അടയ്ക്കാമെന്ന് പറയും. തുടര്‍ന്ന് ഏറ്റവും ഉയര്‍ന്നനിരക്കുള്ള മുറിയില്‍ താമസിച്ച് വിലകൂടിയ മദ്യവും ഭക്ഷണവുമെല്ലാം ഓര്‍ഡര്‍ ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിക്കും.
പിന്നീട് ഇതേ ഹോട്ടലിൽ താന്‍ ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അതിനായി ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാള്‍ ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെടും. ഇതിനിടെയാണ് തന്റെ ലാപ്‌ടോപ്പ് തകരാറിലായെന്നും പകരമൊരു ലാപ്‌ടോപ്പ് സംഘടിപ്പിച്ച് നല്‍കണമെന്നും ജീവനക്കാരോട് ആവശ്യപ്പെടുക. പിന്നീട് ഈ ലാപ്‌ടോപ്പുമായി ഹോട്ടലില്‍നിന്ന് മുങ്ങുന്നതാണ് പ്രതിയുടെ രീതി.
Discussion about this post