ന്യൂഡൽഹി: വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും ഗുണഗണങ്ങൾ ഒത്തിണങ്ങിയ ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തനിക്ക് മുത്തശ്ശി മാത്രമായിരുന്നില്ല. തന്റെ ജീവിതത്തിലെ ആദർശ വനിതയാണെന്നും രാഹുൽ പറഞ്ഞു. അഭിമുഖത്തിന്റെ വീഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു.
സൈക്കിളുകളും മോട്ടോർ സൈക്കിളുകളും ഓടിക്കാൻ തനിക്ക് ഇഷ്ടമാണെന്നും അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറയുന്നുണ്ട്. താൻ ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിട്ടുണ്ട്. എന്നാൽ ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുന്ന ചൈനീസ് കമ്പനികളെയും രാഹുൽ പ്രശംസിച്ചു. അതേസമയം ഇന്ത്യയിൽ നടക്കുന്ന ഇലക്ട്രിക് വാഹന വിപ്ലവം ശരിയായ ദിശയിലല്ലെന്നും രാഹുൽ വിമർശിച്ചു.
‘എനിക്ക് കാറുകളിൽ താത്പര്യമില്ല. മോട്ടോർ ബൈക്കുകളിലും താത്പര്യമില്ല. എന്നാൽ വേഗത്തിൽ സഞ്ചരിക്കാൻ ഇഷ്ടമാണ്. എയറിൽ സഞ്ചരിക്കാൻ എനിക്ക് ഇഷ്ടമാണ്. ജലമാർഗം യാത്ര ചെയ്യാനും എനിക്ക് ഇഷ്ടമാണ്.‘ രാഹുൽ പറഞ്ഞു.
തന്നെ എതിരാളികൾ ‘പപ്പു‘ എന്ന് വിളിക്കുന്നത് ഭയം കൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതെല്ലാം ഒരു പ്രചാരണത്തിന്റെ ഭാഗമാണെന്നും രാഹുൽ ആരോപിച്ചു.
Discussion about this post