വർക്കല: ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച 70 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനവും 90 ാമത് ശിവഗിരി തീർത്ഥാടന ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ ചിന്തകളും ഉപദേശങ്ങളും വരും തലമുറകൾക്കും പ്രചോദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം പകർന്ന സാമൂഹ്യ പരിഷ്‌കർത്താവാണ് ശ്രീനാരായണ ഗുരു. വ്യവസായങ്ങളിലൂടെ പുരോഗതി നേടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ആത്മനിർഭർ ഭാരതിലൂടെ ഈ സന്ദേശമാണ് കേന്ദ്രസർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതിലൂടെ ഭാരതം ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിലൂടെ ജ്ഞാനത്തിലേക്കും ജ്ഞാനം സ്വാതന്ത്ര്യത്തിലേക്കും നയിക്കുമെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. വിദ്യാഭ്യാസത്തിന് അദ്ദേഹം ഏറെ പ്രാധാന്യം നൽകിയിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കണ്ണാടി പ്രതിഷ്ഠ നടത്തിയതിലൂടെ തത്വമസി എന്ന സങ്കൽപത്തെയാണ് ഗുരു ലോകത്തിന് ബോധ്യപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരു മുന്നോട്ടുവെച്ച ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സങ്കൽപം സമൂഹത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ന് കേരളം നേരിടുന്ന സാമൂഹ്യ ജീർണതകളിൽ നിന്ന് പുറത്തു കടത്താൻ ഗുരുദർശനങ്ങളിലൂടെ സാധിക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേവലം വോട്ട് ബാങ്കിനായി ഗുരുദേവനെ ഉപയോഗിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അദ്ദേഹത്തിൻറെ ദർശനങ്ങളെ പൂർണമായും വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പഠിപ്പിച്ച ഗുരുവിൻറെ നാട് മത രാഷ്ട്രവാദികളുടെ ചോരക്കളിക്ക് വേദിയാകുന്നുവെന്നും മന്ത്രി പറഞ്ഞു. കഞ്ചാവടക്കം ഇതര ലഹരി വസ്തുക്കളുടെ ഉപയോഗത്തിലുള്ള വർധനയും പരിശോധിക്കപ്പെടേണ്ടതാണെന്നും വി.മുരളീധരൻ പറഞ്ഞു. സമൂഹത്തെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ നാരായണഗുരുദേവൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ചോദ്യം ചെയ്യുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂർണമായ തോതിൽ ശിവഗിരി തീർഥാടനത്തിന് തുടക്കമായത്.
Discussion about this post