തൃശൂർ: മാളികപ്പുറം സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളായി ദേവനന്ദയും ശ്രീപദും മാറിക്കഴിഞ്ഞു. ദേവനന്ദയാണ് ചിത്രത്തിൽ കല്ലു എന്ന മാളികപ്പുറമായി വേഷമിട്ടത്. പീയൂഷ് സ്വാമിയായിട്ടാണ് ശ്രീപദ് സ്‌ക്രീനിലെത്തിയത്. ചിത്രം കണ്ടിറങ്ങുമ്പോൾ ഈ രണ്ട് കുരുന്നുകളും മനസിൽ നിന്ന് മായുന്നില്ലെന്ന് അമ്മമാർ അടക്കമുളളവർ ഒരേ സ്വരത്തിലാണ് പറയുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകളിലും ഇരുവരും നിറഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം തിരക്കഥാകൃത്ത് അഭിലാഷ് പിളളയ്ക്കും അണിയറ പ്രവർത്തകർക്കുമൊപ്പം തൃശൂർ രാഗം തിയറ്ററിലെത്തിയ ഇരുവരും സിനിമ കണ്ടിറങ്ങിയവരുടെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയാണ് മടങ്ങിയത്.
ചിത്രം കണ്ടിറങ്ങിയവരുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കാനാണ് അഭിലാഷ് പിളളയ്‌ക്കൊപ്പം
ഇരുവരും കാത്തുനിന്നത്. സ്‌ക്രീനിൽ നിന്നും മനസിൽ കയറിയ കുട്ടികളെ കൺമുൻപിൽ അപ്രതീക്ഷിതമായി കണ്ടപ്പോൾ പലരും അത്ഭുതം കൂറി.
എങ്ങനെയുണ്ടായിരുന്നു സിനിമ എന്നായിരുന്നു കാണികളോടുളള ഇരുവരുടെയും ചോദ്യം. നല്ല സിനിമയാണെന്നും നന്നായി അഭിനയിച്ചുവെന്നും കേട്ടപ്പോൾ സന്തോഷം. കവിളിൽ തലോടിയും ചേർത്ത് നിർത്തി മുത്തം നൽകിയും തലയിൽ കൈവെച്ച് അനുഗ്രഹിച്ചും അമ്മമാർ ഇരുവരോടും സ്‌നേഹം പങ്കുവെച്ചു.
സിനിമയുടെ ആദ്യ ഷോ മുതൽ ദേവനന്ദയുടെയും ശ്രീപദിന്റെയും അഭിനയത്തിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തന്റെ പ്രതീക്ഷയ്ക്കപ്പുറം ഇരുവരും നന്നായി കൈകാര്യം ചെയ്തതായി ഉണ്ണി മുകുന്ദനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തിന്റെ ഭാവിതാരങ്ങളാണ് ഇരുവരുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.













Discussion about this post