കൊച്ചി: ഹൈന്ദവധർമത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് എം.ബി രാജേഷ് ശ്രമിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രപഞ്ചത്തിലെ സർവതിലും ഈശ്വരൻ കുടികൊള്ളുന്ന എന്ന അദ്വൈത വേദാന്തം ലോകത്തിന് നൽകിയ ശങ്കരാചാര്യർ ജാതി വ്യവസ്ഥയുടെ വക്താവായിരുന്നു എന്ന അറിവ് എം.ബി രാജേഷിന് എവിടെ നിന്ന് കിട്ടിയെന്ന് മുരളീധരൻ ചോദിച്ചു.
ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും ഒരേ ഭാരതീയ ഋഷിപരമ്പരയിൽപ്പെട്ടവരാണ്. ഇരുവരും മുന്നോട്ടു വച്ചത് ഒരേ ദർശനമാണ്. അദ്വൈതികളായ ഇരുവരും പഠിപ്പിച്ചത് ‘അഹം ബ്രഹ്മാസ്മി’ എന്ന മഹത്തായ ഭാരതീയ തത്വചിന്തയാണെന്നിരിക്കെ ഹൈന്ദവധർമത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് എം.ബി രാജേഷ് ശ്രമിച്ചതെന്നും വി. മുരളീധരൻ ആരോപിച്ചു.
ഈ വ്യാജപ്രചാരണം സവർണ – അവർണ ചിന്ത സൃഷ്ടിച്ച് ഒരു വിഭാഗത്തിന്റെ വോട്ടു നേടാനുള്ള സിപിഎമ്മിന്റെ കുടിലബുദ്ധിയാണെന്നും വി.മുരളീധരൻ പറഞ്ഞു.
ശിവഗിരിയുടെ പുണ്യഭൂമി അതിന് ഉപയോഗിച്ചത് ശ്രീനാരായണ ഗുരുദേവനെക്കൂടി അപമാനിക്കുന്നതായി എന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
‘പലമതസാരവും ഏകം’ എന്നതിലൂടെ നാരായണ ഗുരുദേവൻ പഠിപ്പിച്ചതും ഇതേ ശങ്കര ദർശനമാണ്. ശങ്കരൻ കശ്മീരിൽ പ്രതിഷ്ഠിച്ച ശാരദയെയാണ് ഗുരു വർക്കലയിൽ പ്രതിഷ്ഠിച്ചത്. തന്റെ തത്വശാസ്ത്രം ശങ്കരന്റേത് തന്നെയെന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് മറച്ചുവച്ചാണ് എം.ബി രാജേഷ് ശങ്കരാചാര്യരെ വക്രീകരിച്ച് ചിത്രീകരിച്ചത്.
ഭാരതീയ പാരമ്പര്യങ്ങളോടും തത്വചിന്തയോടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയാണ് എം.ബി രാജേഷിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്. സർവജ്ഞപീഠം കയറിയ ശങ്കരാചാര്യരെ അപമാനിക്കാൻ കൂപണ്ഡൂകങ്ങൾ നടത്തുന്ന ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു. ആദിശങ്കരനും ശ്രീനാരായണഗുരുവും പ്രചരിപ്പിച്ച ഭാരതീയ തത്വചിന്തയോട് കിടപിടിക്കാൻ നൂറു കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോകൾക്ക് കഴിയില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ‘മതാധിഷ്ഠിത സമൂഹവും ലോകസമാധാനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യവേ ആയിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ് ശങ്കരാചാര്യരെ അവഹേളിച്ച് സംസാരിച്ചത്. ക്രൂരവും കുടിലവുമായ ജാതിവ്യവസ്ഥയുടെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു ശങ്കരാചാര്യരെന്ന് ആയിരുന്നു എംബി രാജേഷിന്റെ വാക്കുകൾ. ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ലെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post