ന്യൂഡൽഹി: ഡൽഹിയിൽ പുതുവത്സരദിനത്തിൽ കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ കൊലപാതകത്തിൽ വഴിത്തിരിവ്. അഞ്ജലിയെ വലിച്ചിഴച്ച കാർ ഓടിച്ചിരുന്നുവെന്ന് ആരോപണവിധേയനായ ദീപക് ഖന്ന സംഭവസമയം വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ലൈസൻസ് ഉള്ളതിനാൽ വാഹനം ഓടിച്ചത് താനായിരുന്നുവെന്ന് പോലീസിനോട് പറയണമെന്ന് സുഹൃത്തും കസിൻസും ഇയാളെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
ദീപക്കിന്റെ ഫോൺ ലൊക്കേഷനും മറ്റ് നാല് പ്രതികളുടെ ഫോൺ ലൊക്കേഷനുമായി ബന്ധമില്ലെന്നും പോലീസ് കണ്ടെത്തി. ഫോൺ ലൊക്കേഷനും കോൾ റെക്കോർഡുകളും പരിശോധിക്കുമ്പോൾ ദീപക് മുഴുവൻ സമയവും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
മദ്യലഹരിയിലായിരുന്നു പ്രതികളെല്ലാം. ആർക്കും ലൈസൻസ് ഇല്ല എന്ന കാര്യം കൂടി പോലീസ് അറിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ചിന്തിച്ചാണ് പ്രതികൾ ദീപക്കിന്റെ സഹായം തേടുന്നത്. സാധാരണ അപകടം മാത്രമാണെന്നാണ് പ്രതികൾ ദീപക്കിനോട് പറഞ്ഞത്. ഇതോടെ കാർ ഓടിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ദീപക് തയ്യാറായി. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെയായിരുന്നു ദീപക്കിന്റെ നീക്കമെന്നും, ചോദ്യം ചെയ്യലിനിടെ അയാൾ പൊട്ടിക്കരയുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗ്രാമീൺ സേവ ഡ്രൈവറാണ് 26കാരനായ ദീപക്. അഞ്ച് പേരെയാണ് സംഭവത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ ദീപക് വാഹനം ഓടിച്ചുവെന്നായിരുന്നു ആദ്യ ഘട്ടത്തിലെ നിഗമനം. എന്നാൽ അറസ്റ്റിലായവരിൽ ഒരാളായ അമിത് ഖന്നയാണ് കാർ ഓടിച്ചതെന്ന് തെളിഞ്ഞതായി സ്പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു. ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് പിന്നാലെ അമിത് സംഭവിച്ച കാര്യങ്ങളെല്ലാം സഹോദരനായ അങ്കുഷ് ഖന്നയോട് പറഞ്ഞിരുന്നു. അങ്കുഷ് ആണ് കസിനായ ദീപക്കിനെ വിളിക്കാൻ അമിതിനോട് പറയുന്നത്. അങ്കുഷിനേയും അശുതോഷ് എന്നയാളെയും തിരയുകയാണെന്നും, ഇരുവർക്കും കേസിൽ പങ്കുണ്ടെന്നും സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി.
കാർ ഉടമയുടെ ഭാര്യാ സഹോദരനാണ് അശുതോഷ്. കാർ ദീപക്കിനും അമിതിനും നൽകിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. അങ്കുഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. കാർ ഓടിച്ചത് ദീപക് ആണെന്നും അശുതോഷ് പോലീസിനോട് പറഞ്ഞിരുന്നു. അശുതോഷും അങ്കുഷും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം ചോദ്യം ചെയ്യലിൽ പ്രതികളും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരാണ് വാഹനം ഓടിച്ചത് എന്നത് വ്യക്തമായിരുന്നില്ല. ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും ദീപക് സംഭവസമയം വീട്ടിൽ ആയിരുന്നുവെന്നതിന് കൃത്യമായ തെളിവ് കിട്ടി. തെളിവ് സഹിതം ചോദിച്ചതോടെയാണ് ദീപക് കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
Discussion about this post