തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തത് പലിശക്കുരുക്കിൽ പെട്ടാണെന്ന് വിവരം. 12 ലക്ഷം രൂപ പലരിൽ നിന്നായി പലിശയ്ക്ക് കടമെടുത്തിരുന്നു. പലിശയടക്കം 40 ലക്ഷം രൂപയാണ് തിരികെ നൽകാനുണ്ടായിരുന്നത്. വസ്തുവും വീടും വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് കുടുംബം ആത്മഹത്യ ചെയ്തത്. കഠിനംകുളം ചിറയ്ക്കൽ കാർത്തിക വീട്ടിൽ രമേശൻ(48), ഭാര്യ സുലജ കുമാരി(46), മകൾ രേഷ്മ(23) എന്നിവരാണ് കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് രമേശൻ ഗൾഫിൽ നിന്നും മടങ്ങി എത്തിയത്. സുലജ കുമാരിയുടെ അച്ഛൻ വിദേശത്ത് പോകാനായി വർഷങ്ങൾക്ക് മുൻപ് പണം പലിശയ്ക്ക് എടുത്തിരുന്നു. കടം വാങ്ങിയ പണം തിരികെ നൽകാൻ പലിശയ്ക്ക് വീണ്ടും പണം വാങ്ങി. കടം തീർക്കുന്നതിന് വേണ്ടിയാണ് രമേശൻ ഗൾഫിൽ പോയത്. മുതൽ തിരിച്ചടച്ചതായി ബന്ധുക്കൾ വ്യക്തമാക്കി.
എന്നാൽ പലിശ ഇനത്തിൽ ഭീമമായ തുക വന്നു. ഇത് തിരിച്ചയ്ക്കാൻ ഭീഷണിയും ഉണ്ടായി. കടം നൽകിയവർ വീട്ടിലെത്തി ബഹളം വയ്ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. 22 പേർക്കാണ് പണം നൽകാനുണ്ടായിരുന്നത്. ഗൾഫിൽ പോയെങ്കിലും പലിശ തുക ശമ്പളത്തിൽ നിന്ന് തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഒരാൾക്ക് മാത്രം മാസം 46,000 രൂപ പലിശയായി നൽകിയിരുന്നു. ഇതിനിടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കടം കൊടുത്തവരിൽ ചിലർ അനുവദിച്ചില്ല. പണവുമായി സ്ഥലം വിടുമെന്ന് കാട്ടി കേസ് കൊടുത്തതോടെ വീട് വാങ്ങാൻ എത്തിയവരും പിൻവാങ്ങി.
ലോൺ ശരിയായെന്ന് വിദേശത്ത് നിന്ന് തിരികെ എത്തിയ ശേഷം രമേശൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. മറ്റ് പ്രശ്‌നങ്ങൾ ഉള്ളതായി ആർക്കും തോന്നിയില്ല. പിന്നീടാണ് കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചത്. സംഭവസമയം രമേശന്റെ മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല.
Discussion about this post