ന്യൂഡൽഹി: ശ്രീനഗർ സ്വദേശിയായ ആസിഫ് മഖ്ബൂൽ ദാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. യുഎപിഎ നിയമപ്രകാരമാണ് ഇയാളെ ഭീകരനാക്കി പ്രഖ്യാപിച്ചത്. ഈ ആഴ്ച യുഎപിഎ പ്രകാരം ഭീകരനായി പ്രഖ്യാപിക്കപ്പെടുന്ന നാലാമത്തെയാളാണ് ആസിഫ്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ഉപേക്ഷിച്ച ആസിഫ്, സൗദി അറേബ്യയിലെ ദഹ്‌റാൻ ദാമൻ, ആഷ് ശർഖിയ എന്നീ സ്ഥലങ്ങൾ ആസ്ഥാനമാക്കിയാണ് ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആസിഫിന് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദിനുമായി ബന്ധമുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
സൗദിയിലിരുന്ന്, സോഷ്യൽമീഡിയയിലൂടെ കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി.സോഷ്യൽ മീഡിയയിലൂടെ കേന്ദ്ര സർക്കാരിനും സുരക്ഷാ സേനയ്ക്കുമെതിരെ ആയുധമെടുക്കാൻ കശ്മീരി യുവാക്കളെ സ്വാധീനിക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ജമ്മു കശ്മീരിലും ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഭീകരനേതാക്കളുടെ നിർദേശപ്രകാരം നിരോധിത സംഘടനാ പ്രവർത്തകർ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച കേസിൽ ഇയാൾ പ്രതിയാണ്.
Discussion about this post