കോഴിക്കോട്: സ്‌കൂൾ കലോത്സവ വേദികളിൽ തന്റെ സാന്നിധ്യം ഇനി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പഴയിടം മോഹനൻ നമ്പൂതിരി. ഈ വർഷം തന്നെ പലതരത്തിലുള്ള അട്ടിമറികൾ പ്രതീക്ഷിച്ചിരുന്നുവെന്നും വിവാദങ്ങളെല്ലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പാചകപ്പുര എന്നത് മാദ്ധ്യമങ്ങളെല്ലാം ആഘോഷിച്ചിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതേ പാചകപ്പുരയിലേക്ക് വരുന്നയാളുകളെയെല്ലാം സംശയദൃഷ്ടിയോടെ നോക്കുമ്പോൾ പാചകക്കാരന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
നോൺ വെജ് ഉൾപ്പെടുത്താൻ പറയുമ്പോൾ അതിന് പിന്നിലുള്ളവർ തന്നെ കലോത്സവത്തിലെ പാചകപ്പുരയിൽ കൈകടത്തുമോ എന്ന ഭയവും തനിക്കുണ്ട്. അതുകൊണ്ട് തന്നെ അടുക്കളയിലേക്ക് പുറമെ നിന്നുള്ള ഒരാളെ പോലും പ്രവേശിപ്പിച്ചിരുന്നില്ലെന്നും പഴയിടം വെളിപ്പെടുത്തി.
കലോത്സവ പാചകങ്ങളാണ് പഴയിടം എന്ന ബ്രാൻഡിനെ രൂപപ്പെടുത്തിയത്. അതിനോട് നീതി പുലർത്തണമെന്ന് ഉണ്ടായിരുന്നു. വെജിറ്റേറിയൻ ഭക്ഷണം പാചകം ചെയ്താണ് ഇത്രയും കാലം ആ ബ്രാൻഡ് നിലനിന്നിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് ഭക്ഷണം കഴിക്കണമെന്നുള്ള ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തെ താൻ ബഹുമാനിക്കുന്നു. പക്ഷേ വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാക്കുന്ന ഒരാൾ തന്നെ നോൺ വെജ് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്ന് പറയുന്നതിൽ പ്രസക്തിയില്ല. ഒരു കലാമേളയിൽ കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ അവർ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്നത് അനീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഷങ്ങളായി ടെൻഡറിലൂടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഭക്ഷണം വിളമ്പിയിരുന്ന പഴയിടത്തിന്റെ ഭക്ഷണപ്പെരുമയെ പ്രമുഖ മാദ്ധ്യമപ്രവർത്തകനായ അരുൺ കുമാറാണ് ആദ്യം വിമർശിച്ച് രംഗത്തെത്തിയത്. നിർദ്ദേശപ്രകാരം മാത്രം ഭക്ഷണം തയ്യാറാക്കിയിരുന്ന പഴയിടത്തെ വിവാദത്തിലേക്ക് വലിച്ചിടുകയായിരുന്നു. കലോത്സവ വേദികളിലെ ഭക്ഷണശാലകളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിളമ്പുന്നത് ബ്രാഹ്‌മണിക്കൽ ഹെജിമണി ആണെന്നായിരുന്നു അരുണിന്റെ വാദം. ഇത് ഏറ്റെടുത്ത് ചില ഫേസ്ബുക്ക് പ്രൊഫൈലുകൾ കൂടി രംഗത്തെത്തിയതോടെ അടുത്ത വർഷം മുതൽ നോൺ വെജ് ഭക്ഷണവും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ കൈ കഴുകുകയായിരുന്നു.
Discussion about this post