തിരുവനന്തപുരം: ആരാധകരുടെ പ്രതീക്ഷകളെയും മറികടന്ന് സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറം‘. തന്റെ ഇഷ്ടദൈവമായ അയ്യപ്പനെ കാണാൻ കല്ലു എന്ന എട്ട് വയസ്സുകാരി നടത്തുന്ന ശബരിമല യാത്ര ഇതിവൃത്തമായ ചിത്രം കുട്ടികളെയും കുടുംബങ്ങളെയും യുവാക്കളെയും ഒരേ പോലെ തിയേറ്ററുകളിലേക്ക് ആകർഷിച്ച് മുന്നേറുകയാണ്. ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് സിനിമയെയും അതിലെ പ്രകടനങ്ങളെയും അഭിനന്ദിച്ച് തന്നെ വിളിച്ചു കൊണ്ടിരിക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
ഈ സാഹചര്യത്തിൽ, എന്തുകൊണ്ടാണ് താൻ സിനിമ തിരഞ്ഞെടുത്തത് എന്ന് ചോദ്യത്തിന് ഉത്തരമായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. മാളികപ്പുറം സിനിമയിലെ വൈകാരികമായ ഒരു രംഗം കണ്ട് വിതുമ്പുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്.
‘ഞാൻ എന്തുകൊണ്ട് സിനിമ തിരഞ്ഞെടുത്തു എന്ന് ചോദിച്ചവരോട്.. ഇതാണ് കാരണം.. എന്നിൽ നിന്നും ഒരുപാട് അകലെ ഉള്ളവരുടെയും ഹൃദയത്തിൽ സ്പർശിക്കാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. സ്വാമി ശരണം മാത്രം‘ എന്ന തലക്കെട്ടോടെയാണ് ഉണ്ണി മുകുന്ദൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്ന വീഡിയോയും കുറിപ്പും.
Discussion about this post