മുത്തശ്ശി കഥകൾ കേട്ട് വളർന്ന ഒരു ബാല്യം നമുക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. പല പാഠങ്ങളും ഉപദേശങ്ങളും നിറഞ്ഞ അത്തരം കഥകൾ ജീവിതയാത്രയെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് കുട്ടിക്കുറുമ്പൻമാർക്ക് കഥ കേൾക്കാനും കഥ വായിക്കാനും നേരമില്ല. കുറുമ്പൻമാരെ അടക്കിയിരുത്താൻ ഒരു കഥയായാലോ?
നീല കുറുക്കന്റെ കഥ?
പണ്ട് പണ്ട് ദൂരെയൊരു കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു. വക്രബുദ്ധിക്കാരനും ചതിയനുമായ അവനെ അധികമാരും അടുപ്പിച്ചിരുന്നില്ല, അത് കൊണ്ട് തന്നെ ഇടക്കിടെ അവൻ താമസം കാടിന്റെ പലഭാഗങ്ങളിലേക്കും മാറ്റിയിരുന്നു.
അങ്ങനെയൊരിക്കെ വിശന്നുവലഞ്ഞ നമ്മുടെ കുറുക്കൻ ഭക്ഷണം തേടി അലഞ്ഞു.. ഒരുപാട് നേരം അലഞ്ഞിട്ടും അവന് കാര്യമായൊന്നും കിട്ടിയില്ല. അങ്ങനെ അവൻ, കാടിനടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് വച്ചുപിടിച്ചു. നടന്ന്.,നടന്ന്.നടന്ന് അവൻ ഒരു ഗ്രാമത്തിലെത്തി.
അവിടെ ആഹാരം അന്വേഷിച്ച് നടക്കുന്നതിനിടെ അവൻ ചെന്നുപെട്ടത് കുറച്ചു തെരുവ് നായ്ക്കളുടെ മുമ്പിലേക്കായിരുന്നു. അയ്യോ പട്ടികൾ എന്ന് അലറി നമ്മുടെ കുറുക്കച്ചാർ ഓടെടാ ഓട്ടം. പിറകേ ഇതേതാ ഒരു വരത്തൻ എന്ന് ആലോചിച്ച് തെരുവുപട്ടികളും.
ഓടിത്തളർന്ന കുറുക്കൻ ഒരു വീടിന്റെ ചായ്പ്പിലേക്ക് കയറി ഒളിച്ചിരുന്നു. അത് ഒരു വൃദ്ധയുടെ വീടായിരുന്നു. തുണികൾക്ക് നിറം കൊടുത്ത് മനോഹരമായ തുണിത്തരങ്ങൾ നിർമ്മിക്കുന്ന ഒരു വൃദ്ധയുടെ വീട്. അവിടെ എന്തെങ്കിലും ഭക്ഷണം കിട്ടുമോ എന്നറിയാൻ കുറുക്കൻ പരിശോധന തുടങ്ങി.
നോക്കുമ്പോൾ കുറെ പാത്രങ്ങളിൽ പല വർണ്ണങ്ങളിൽ ചായം നിറച്ചിരിക്കുന്നു. ഹായ് എന്ത് രസം..പണ്ടേ കൗതുകം ലേശം കൂടുതലാ നമ്മുടെ കുറുക്കന്. അവൻ ഓടി ഒരു വലിയ പാത്രത്തിലേക്ക് എത്തിനോക്കി. പക്ഷേ ഏത് നിറമാണെന്ന് വ്യക്തമായില്ല. ഏന്തിവലിഞ്ഞ് പാത്രത്തിലേക്ക് എത്തി നോക്കിയതും, ബ്ലും.. എന്ന് കുറുക്കൻ കാൽ വഴുതി പാത്രത്തിലേക്ക് വീണു.
അയ്യോ രക്ഷിക്കണേ.. മരണവെപ്രാളത്തിൽ അവൻ അലറി കരഞ്ഞ് പാത്രത്തിൽ കിടന്ന് പിടയാൻ തുടങ്ങി. അങ്ങനെ പാത്രം പൊട്ടിപ്പോയി. ഒട്ടും വൈകിക്കാതെ അവൻ ചായ്പ്പിൽ നിന്ന് ഓടി. ഓടിചെന്നതാവട്ടെ നേരത്തെ അവന്റെ പിറകെ വന്ന നായ്ക്കളുടെ മുമ്പിലേക്കും. ഇത്തവണ അവനെ കണ്ട് നായ്ക്കൾ തലങ്ങും വിലങ്ങും ഓടി. ഇതെന്ത് കൂത്തെന്ന് ആലോചിച്ച് കുറുക്കനും ഒട്ടും മടിക്കാതെ കാട്ടിലേക്ക് വച്ചു പിടിച്ചു.
കാട്ടിലെത്തിയപ്പോഴല്ലേ രസം, പണ്ട് തന്നെ കണ്ട് പുച്ഛിച്ച് ഓടിച്ചവരും മറ്റും പേടിയോടെയും ഭയഭക്തി ബഹുമാനത്തോടെയും കൈ കൂപ്പി നിൽക്കുന്നു. ഇവർക്ക് കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ട് കുറുക്കൻ മനസിലോർത്തു. രാവിലെ മുതൽ ഒന്നും കഴിക്കാത്തതു കൊണ്ട് അവന് നല്ല ദാഹം തോന്നി. വേഗം അടുത്തു കണ്ട നദിക്കരയിലേക്ക് അവൻ നീങ്ങി. നദിയിലപ്പോഴതാ ഒരു നീല രൂപം. ഹേ ഇതാരാ അവൻ പേടിച്ച് പിറകിലോട്ട് മാറി. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ ഇത് തന്റെ പ്രതിബിംബമാണെന്ന് മനസിലായി.
പാത്രത്തിലെ നീലച്ചായത്തിൽ മുങ്ങി തന്റെ നിറവും നീലയായിരിക്കുന്നു. ഇത് കണ്ട്, വന്നത് ഏതോ വിചിത്ര ജീവിയാണെന്ന് കരുതിയാണ് മൃഗങ്ങളൊക്കെയും പേടിച്ചത്. അങ്ങനെ വരട്ടെ, ഇത് തന്നെ അവസരം എന്ന് വക്രബുദ്ധിക്കാരനായ കുറുക്കച്ചാർ മനസിലോർത്തു. കിട്ടിയ തക്കത്തിന് ഒന്ന് സ്റ്റാറാവണം, എല്ലാവരും ഒന്നു ശ്രദ്ധിക്കണം, പണ്ടേ ഇവിടെയുള്ളവർക്ക് പരമപുച്ഛമാണ് ഇത് തന്നെ അവസരമെന്നോർത്ത് അവൻ നേരെ കാട്ടിലെ പാറക്കൂട്ടത്തിന്റെ മുകളിലേക്ക് കയറിഇരുന്നു. മൃഗങ്ങളെയെല്ലാം വിളിച്ചു കൂട്ടി. അവനെ കണ്ടതോടെ മാൻ മുതൽ കടുവ വരെ ഭയക്കാൻ തുടങ്ങി.
ഏതാണ് ഈ നീലജീവി,? ഇത് വരെ ഇത്തരത്തിലൊരു മൃഗത്തെ കണ്ടിട്ടില്ലല്ലോ ? മൃഗങ്ങൾ പരസ്പരം പറയാൻ തുടങ്ങി. ഹാ ഹാ ഹാ ഞാനാണ് ഇന്നുമുതൽ ഈ കാട്ടിലെ രാജാവ്. എല്ലാവരും എന്നെ അനുസരിക്കണം. നാളെ മുതൽ ഭക്ഷണം എല്ലാവരും എന്റെ കൺമുന്നിൽ എത്തിക്കണം കുറുക്കൻ ആജ്ഞാപിച്ചു. കേൾക്കേണ്ട താമസം. മൃഗങ്ങൾ ഭക്ഷണം ശേഖരിക്കാനായി നെട്ടോട്ടം ഓടി. തന്റെ വർഗക്കാരായ മറ്റ് കുറുക്കൻമാരോട് പോലും നമ്മുടെ കുറുക്കൻ സത്യം പറഞ്ഞില്ല.
അങ്ങനെ നേരം ഇരുട്ടി. മാനത്ത് ചന്ദ്രൻ തെളിഞ്ഞു. ശരീരം നീല നിറമായാലും കുറുക്കനല്ലേ വർഗം? ഇരുട്ടിയാൽ അവന് കൂക്കണം.. കൂ… കൂൂ… അങ്ങനെ ഉച്ചത്തിൽ കൂക്കണം. ഒട്ടും മടിക്കാതെ അവൻ കൂവി തുടങ്ങി. അപ്പോഴാണ് മറ്റ് മൃഗങ്ങൾക്ക് തങ്ങൾക്ക് പറ്റിയ അമളി മനസിലായത്. തങ്ങൾ ഇത് വരെ വലിയ ആളാണെന്ന് കരുതി ബഹുമാനിച്ചത് കേവലം ഒരു കുറുക്കനെ ആയിരുന്നു. നീല നിറം മാത്രമുള്ള കുറുക്കൻ മാത്രമാണവൻ…മറ്റ് മൃഗങ്ങൾ അവന് നേരെ തിരിഞ്ഞു. സ്വന്തം കൂട്ടുകാരായ കുറുക്കൻമാർ പോലും ആ വക്രബുദ്ധിക്കാരന്റെ സഹായത്തിനെത്തിയില്ല. നമ്മളെ കൂട്ടാതെ ഒറ്റയ്ക്ക് സ്റ്റാറാവാൻ പോയതല്ലേ? രണ്ടെണ്ണം കിട്ടട്ടെ എന്ന് അവരും കരുതി. അങ്ങനെ എല്ലാവരും കൂടി കുറുക്കനെ കണക്കിന് പഞ്ഞിക്കിട്ടു.
ഗുണപാഠം :: അർഹതയില്ലാത്തത് ആഗ്രഹിക്കരുത്., അതിബുദ്ധി ആപത്ത്.
Discussion about this post