പെരുമ്പള: കാസർകോട് പെരുമ്പള ബേനൂരിൽ കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചന. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന തരത്തിലാണ് ആദ്യം വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഭക്ഷ്യവിഷബാധ അല്ലെന്നും മറ്റെന്തോ വിഷാംശമാണെന്നും വിദ്യാർത്ഥിനിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ സർജൻ പോലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തിലെത്തിയ വിഷാംശം കരളിനെ ബാധിച്ചതാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഉണ്ട്.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ചുവെന്നായിരുന്നു സൂചന. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രാസപരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ സ്ഥിരീകരണമുണ്ടാകൂ.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് അഞ്ജുശ്രീയുടെ മരണം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം കഴിച്ച ശേഷമായിരുന്നു മരണം സംഭവിച്ചത് എന്നായിരുന്നു ബന്ധുക്കൾ പോലീസിന് മൊഴി നൽകിയത്. തുടർന്ന് ഹോട്ടൽ ഉടമയേയും രണ്ട് ജീവനക്കാരേയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു.
Discussion about this post