റിലീസ് ആയി രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. വിവിധ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ യുകെയിലും പ്രദർശനത്തിന് എത്തുകയാണ്. ജനുവരി 13 നാണ് മാളികപ്പുറം യുകെയിൽ റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
“ഹലോ യുകെ, അയ്യപ്പൻ വരുന്നു“ എന്നാണ് വിവരം പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ പറഞ്ഞത്.
ചിത്രത്തിന്റെ തെലുങ്ക് തമിഴ് പതിപ്പുകൾ ജനുവരി ആറിന് പ്രദർശനത്തിന് എത്തിയിരുന്നു. ഇതിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കല്യാണി എന്ന എട്ട് വയസുകാരിയായ പെൺകുട്ടിയുടെയും അവളുടെ സൂപ്പർഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം ജനുവരി 30 നാണ് റിലീസായത്. പ്രദർശനത്തിനെത്തി ആദ്യ വാരം തന്നെ മികച്ച കളക്ഷൻ ചിത്രം നേടിയിരുന്നു. ഇപ്പോഴും പല തിയേറ്ററുകളിലും ഹൗസ് ഫുള്ളാണ്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Discussion about this post