തൃശൂർ : ട്രെയിനിൽ കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ. വേങ്ങാട് സ്വദേശി മണികണ്ഠനാണ് പിടിയിലായത്. ഗർഭനിരോധന ഉറയിലാക്കി സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചത്. 1.4 കിലോ സ്വർണം പ്രതിയിൽ നിന്ന് പിടികൂടി.
പരശുറാം എക്സ്പ്രസിൽ സ്വർണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് അൻപത്തിനാല് ലക്ഷത്തോളം രൂപ വരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തുവച്ച് മലപ്പുറം സ്വദേശിയിൽ നിന്ന് 47 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു. ദുബായിൽ നിന്ന് വന്ന വളാഞ്ചേരി സ്വദേശി ജംഷീറാണ് പിടിയിലായത്. 854 ഗ്രാം സ്വർണം മൂന്ന് ക്യാപ്സൂളുകളാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
Discussion about this post