ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെടുത്തിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കി ടെസ്ല, ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ടെസ്ലയുടെ ഓഹരികൾ ഇടിഞ്ഞതും തിരിച്ചടിയായി. 2021 നവംബർ മുതൽ മസ്‌കിന് ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചരിത്രത്തിൽ തന്നെ ആസ്തിയിൽ ഇത്രയുമധികം ഇടിവുണ്ടാകുന്ന വ്യക്തി മസ്‌ക് ആണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
2000ത്തിൽ 58.6 ബില്യണിന്റെ ആസ്തി നഷ്ടമായ ജാപ്പനീസ് ടെക് ഇൻവെസ്റ്റർ മസായോഷി സണ്ണിന്റെ റെക്കോർഡാണ് മസ്‌ക് ഇപ്പോൾ സ്വന്തം പേരിലാക്കിയിരിക്കുന്നത്. 2000 ഫെബ്രുവരിയിൽ 78 ബില്യൺ ഡോളർ ആസ്തിയാണ് മസായോഷിക്ക് ഉണ്ടായിരുന്നത്. അതേ വർഷം ജൂലൈയിൽ ആസ്തി 19.4 ബില്യൺ ഡോളറായി ചുരുങ്ങി. ബ്ലൂംബർഗിന്റെ റിപ്പോർട്ടുകൾ പ്രകാരം 2021 നവംബറിൽ 340 ബില്യൺ ഡോളറായിരുന്നു മസ്‌കിന്റെ ആസ്തി. ഇപ്പോഴിത് 132 ബില്യൺ ഡോളറിലേക്ക് താഴ്ന്നുവെന്നാണ് വിവരം. ട്വിറ്റർ ഏറ്റെടുത്തതും, ടെസ്ലയുടെ സ്റ്റോക്കിന്റെ മോശം പ്രകടനവുമാണ് ഇതിന് പ്രധാന കാരണം. 7 ബില്യൺ ഡോളർ മൂല്യമുള്ള ടെസ്ല ഓഹരികൾ വിറ്റത് തിരിച്ചടിയായെന്നും സൂചനയുണ്ട്.
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന് ശേഷം 200 ബില്യൺ ഡോളർ ആസ്തി നേടുന്ന വ്യക്തി കൂടിയായിരുന്നു മസ്‌ക്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന റെക്കോർഡ് നേരത്തെ തന്നെ മസ്‌കിന് നഷ്ടമായിരുന്നു. ഫോബ്‌സിന്റെ റിപ്പോർട്ടുകൾ പ്രകാരം എൽവിഎംഎച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ട് ആണ് ഏറ്റവും സമ്പന്നനായ വ്യക്തി. ഏഴുപതോളം കമ്പനികളാണ് ബെർണാഡ് അർണോൾട്ടും കുടുംബവും സ്വന്തമാക്കിയിട്ടുള്ളത്. മാർക്ക് ജേക്കബ്‌സ്, ലോറോ പിയാന തുടങ്ങിയ പ്രമുഖ ഫാഷൻ കമ്പനികളും ഇതിലുൾപ്പെടും.
Discussion about this post