കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാല് വയലിലെ പി.എ റിയാസ് ആണ് അറസ്റ്റിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ താൻ ബോംബുവെച്ചെന്ന് ആയിരുന്നു ഇയാളുടെ ഭീഷണി.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷനിൽ ബോംബുവച്ചെന്ന് പറഞ്ഞ് ഇയാൾ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. ഇത് പ്രകാരം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിലാണ് റിയാസ് പിടിയിലായത്. ടൗൺ ഇൻസ്‌പെക്ടർ പി.എ ബിനു മോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post