100 ദിവത്തിനുള്ളിൽ 101 നഗരങ്ങളിൽ 5ജി ഇന്റർനെറ്റ് സേവനം അവതരിപ്പിച്ച് ജിയോ ശ്രദ്ധേയമാകുന്നു.രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി സേവനങ്ങൾ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ജിയോ അവതരിപ്പിച്ചു. ജിയോയുടെ 5ജി നെറ്റ്‌വർക്ക് ഇപ്പോൾ 18 സംസ്ഥാനങ്ങളിൽ കുറഞ്ഞത് ഒരു നഗരത്തിലെങ്കിലും ലഭ്യമാണ്.
ജിയോ പ്ലാറ്റ്‌ഫോമിന്റെ മുഖ്യ എതിരാളിയായ ഭാരതി എയർടെലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ നേട്ടമാണ്. എയർടെൽ ഇതിനകം തന്നെ ഏകദേശം 30 നഗരങ്ങളിൽ 5ജി വ്യാപിപ്പിച്ചിരുന്നു.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വയർലെസ് വിപണിയായ ഇന്ത്യ 5ജി സ്വീകരിച്ച അവസാന രാജ്യമാണ്.റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ 2023 അവസാനത്തോടെ ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും 5ജി കൊണ്ടുവരാൻ 2500 കോടി ഡോളർ അധികമായി നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ജിയോക്ക് ഉണ്ടായിട്ടുണ്ട്. 5ജി യ്ക്കായുള്ള സ്‌പെക്‌ട്രം ലേലത്തിൽ നിന്ന് 1900 കോടി ഡോളറാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. 5ജി സ്‌പെക്‌ട്രം വാങ്ങാൻ റിലയൻസ് ജിയോ 1100 കോടി ഡോളറിലധികം ചെലവഴിച്ചിരുന്നു. ഇന്ത്യയിൽ ടെലികോം വിപ്ലവം സൃഷ്ടിക്കുന്നതിൽ ജിയോക്ക് മുഖ്യമായ ഒരു പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post