തിരുവനന്തപുരം: സംസ്ഥാനത്തിന് വായ്പ വാങ്ങാനുളള പരിധിയെപ്പോലും കേന്ദ്രം നിയന്ത്രിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തിരുവനന്തപുരത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള വികസനത്തിലെ കാഴ്ചപ്പാട് എന്ന നയരേഖ അംഗീകരിക്കുന്നതിന് വേണ്ടി ചേർന്ന പ്രത്യേക യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ.
നാട് വികസിക്കണമെങ്കിൽ അടിസ്ഥാന സൗകര്യ വിപുലീകരണം ഉണ്ടാകണം. നമ്മുടെ സാമ്പത്തിക സാദ്ധ്യതകൾക്ക് പരിമിതിയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് നമ്മുടെ കൈയ്യിൽ പണമില്ല. പണമില്ലെങ്കിൽ വായ്പ വാങ്ങി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും. അങ്ങനെ സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ നമ്മുടെ വരുമാനം വർദ്ധിക്കും. വരുമാനം വർദ്ധിക്കുമ്പോൾ കടമെല്ലാം തിരിച്ചടയ്ക്കാൻ സാധിക്കും. അങ്ങനെ വന്നാൽ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാക്കാൻ സാധിക്കൂവെന്ന് ഇ.പി ജയരാജൻ പറഞ്ഞു
ആ നിലപാട് വെച്ചാണ് ഇടത് സർക്കാർ വായ്പകളെ സമീപിച്ചിട്ടുളളത്. മറ്റ് ബാദ്ധ്യതകളുണ്ടാകാത്തതും ബുദ്ധിമുട്ടുണ്ടാകാത്തതുമായ തരത്തിൽ വായ്പ വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർരിന്റെ നിലപാടുകൾ കേരളത്തിന്റെ വളർച്ചയെ തടസപ്പെടുത്തുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
ജിഎസ്ടിയുടെ വരവ് നികുതി പിരിവിനുളള സാദ്ധ്യത വലിയ തോതിൽ ഇല്ലാതാക്കി. ധനകാര്യ കമ്മീഷന്റെയും റവന്യൂ കമ്മി ഗ്രാൻഡിലും വലിയ കുറവ് വരുത്തുന്നു. കിഫ്ബി മുഖാന്തിരം എടുക്കാവുന്ന വായ്പകൾ പോലും സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽപെടുത്തി കേരളത്തിന്റെ ധനശേഷിയെ കുറച്ചുകൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ഇ.പി ജയരാജൻ ആരോപിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ പൊതുവിദ്യാഭ്യാസ മേഖല വളരെ ശക്തിപ്രാപിച്ചുവെന്ന് ഇപി ജയരാജൻ അവകാശപ്പെട്ടു. പക്ഷെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും പോരായ്മകൾ ഉണ്ട്. ആ പോരായ്മ പരിഹരിച്ച് കേരളത്തിൽ നിന്നുളള കുട്ടികൾക്ക് ഇവിടെ തന്നെ പഠിക്കാനുളള സാഹചര്യം ഒരുക്കണം. വിദേശത്ത് നിന്നും കുട്ടികളെ ഇവിടേക്ക് ആകർഷിക്കണം. ഇതിനെക്കാൾ നിലവാരമുളള വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉളളതുകൊണ്ടാണ് നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പോകുന്നത്. കേരളത്തിലെ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരണം. ഇന്നത്തെ കാലഘട്ടത്തിന് അനുസരിച്ചുളള നിലപാട് സ്വീകരിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Discussion about this post