തിരുവനന്തപുരം: ഉണ്ണി മുകുന്ദന്റെ വിജയ ചിത്രം മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് ഉടൻ. ഈ മാസം 21 മുതൽ തെലുങ്ക് പതിപ്പ് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്നാണ് വിവരം. അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്‌സാണ് ചിത്രത്തിന്റെ വിതരണം.
ശബരിമല പ്രമേയമാക്കിക്കൊണ്ടുള്ള ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് മറ്റ് ഭാഷകളിലും മൊഴി മാറ്റി ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്. തെലുങ്കിന് പുറമേ തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റിയിട്ടുണ്ട്.
ഫാന്റസിയും ഭക്തിയും നിറയുന്ന സിനിമയുടെ മലയാളം പതിപ്പ് ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ റിലീസ് ചെയ്തിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും ഹിന്ദു ഭക്തർക്കിടയിൽ ശബരിമലയുടെ കീർത്തി വളരെ വലുതാണ്. ചിത്രം ഏറ്റെടുത്തതിലൂടെ ഇക്കാര്യം ഒരിക്കൽ കൂടി വ്യക്തമാകുകയാണ്.
ഡിസംബർ 30 നായിരുന്നു മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ തന്നെ തിയറ്ററുകൾ ഹൗസ് ഫുള്ളാക്കി ചിത്രം മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയോട് അടുക്കുമ്പോൾ 25 കോടിയിലധികമാണ് വരുമാനം.












