പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ. ഇന്ന് രാവിലെയാണ് ഉണ്ണി മുകുന്ദൻ ശബരിമലയിൽ ദർശനം നടത്തിയത്. മകരവിളക്ക് തൊഴുത ശേഷം അദ്ദേഹം മലയിറങ്ങും.
ശബരിമലയിൽ എത്തിയ വിവരം അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ശബരിമല പശ്ചാത്തലമാക്കിക്കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ചിത്രം മാളികപ്പുറം വൻ വിജയമായി ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് നന്ദി പറയാനാണ് താൻ എത്തിയത് എന്നാണ് താരം പറയുന്നത്. ഇതിന് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവും നടൻ ഏറ്റുവാങ്ങും.
ജനുവരി 14 തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിനമാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത് ജനുവരി 14 നാണ്. അതുപോലെ ആദ്യ നിർമ്മാണ സംരംഭവും അഭിനയ ജീവിതത്തിലെ നാഴികക്കല്ലുമായ ചിത്രം മേപ്പടിയാൻ റിലീസ് ആയതും ജനുവരി 14നാണ്. ഇതിന് പുറമേ പുതിയ ചിത്രം മാളികപ്പുറം ബ്ലോക്ക്ബസ്റ്റർ ആയി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന് അയ്യപ്പനോട് നന്ദി പറയാനും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി വീണ്ടും ഒരു ജനുവരി 14 ന് അയ്യന്റെ അടുത്ത് എത്തിയിരിക്കുകയാണ്.
മേപ്പടിയാനിൽ അയ്യപ്പ ഭക്തി ഗാനം ആലപിക്കാനുള്ള ഭാഗ്യം ഉണ്ടായി. എന്നാൽ പിന്നീട് തന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള ഓരോ മകരവിളക്ക് ദിനങ്ങളും ജീവിതത്തിൽ നാഴിക കല്ലായി മാറട്ടെയെന്ന് അയ്യപ്പനോട് പ്രാർത്ഥിക്കുകയാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
Discussion about this post