സന്നിധാനം/എരുമേലി; ശബരിമലയിൽ മകരജ്യോതി കാണാൻ അയ്യപ്പന്മാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് വർദ്ധിച്ചതോടെ എരുമേലിയിൽ നിന്നുളള തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിലേക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് അടക്കം എത്തിയ തീർത്ഥാടകർ എരുമേലിയിൽ കാത്ത് നിൽക്കുകയാണ്.
വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് ആന്ധ്രയിൽ നിന്നുളള ഭക്തർ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. പിന്നീട് ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി ഇവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പമ്പയിൽ നിന്നും സന്നിധാനത്ത് നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ വാഹനങ്ങൾ കടത്തിവിടാൻ കഴിയൂ എന്ന് പോലീസ് മേധാവി വ്യക്തമാക്കി.
നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ പാർക്കിംഗ് നിറഞ്ഞിരിക്കുകയാണ്. ഇനി അവിടെ നിന്ന് മടങ്ങുന്ന വാഹനങ്ങൾ അനുസരിച്ച് മാത്രമേ കൂടുതൽ വാഹനങ്ങൾ അനുവദിക്കു. ഓരോ മണിക്കൂറിലും വിവരങ്ങൾ സന്നിധാനത്ത് നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് മാത്രം വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം.
നിയന്ത്രണങ്ങൾക്ക് വിധേയമായി ഇടവിട്ട് കെഎസ്ആർടിസി ബസ് മാത്രമാണ് എരുമേലിയിൽ നിന്ന് പമ്പയിലേക്ക് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. കാൽനടയായി പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മകരജ്യോതി കാണാൻ കഴിഞ്ഞ ദിവസം മുതൽ വലിയ തോതിൽ ഭക്തജനപ്രവാഹമാണ് സന്നിധാനത്തേക്ക്. സന്നിധാനത്ത് അയ്യപ്പൻമാരെ ഉൾക്കൊളളാൻ കഴിയുന്നതിന്റെ പരമാവധിയിലേക്ക് എത്തിയതോടെ പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുന്നതിലും ചെറിയ തോതിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.
മകരജ്യോതി കണ്ട് മടങ്ങുന്നതിനായി ഭക്തർ സന്നിധാനത്ത് കാത്തിരിക്കുകയാണ്. ഇവരെ പാണ്ടി താവളത്തിലേക്ക് ഉൾപ്പെടെ പോലീസ് മാറ്റുന്നുണ്ട്. അതേസമയം പാണ്ടിതാവളത്ത് തീർത്ഥാടകർക്ക് ആവശ്യമായ വെളളവും ഭക്ഷണവും പോലും ഒരുക്കിയിട്ടില്ലെന്ന പരാതിയും ഉണ്ട്. നേരത്തെ തീർത്ഥാടകർ ഇവിടെ ഭക്ഷണം പാകം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഹൈക്കോടതി ഉത്തരവ് മൂലം ഇതിന് ഇക്കുറി അനുവാദമില്ല. അയ്യപ്പ സേവാ സംഘത്തിന്റെയും ദേവസ്വത്തിന്റെയും നേതൃത്വത്തിൽ ഭക്തർക്ക് കുടിവെളളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.
Discussion about this post