മലപ്പുറം: തന്റെ പ്രവർത്തനങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കളുടെ വാക്കുകളോട് പ്രതികരിച്ച് ശശി തരൂർ. നാട്ടുകാർ തന്നെക്കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് പരിപാടികളിൽ പങ്കെടുക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാകാൻ കോട്ട് തയ്പ്പിച്ചു വെച്ചവർ ഊരിവെയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾക്കും ശശി തരൂർ മറുപടി പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിമാർ കോട്ട് ഇടാറില്ല. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് തയ്പിച്ചിരിക്കുന്നതെന്നും അത് പറയുന്നവരോടാണ് ചോദിക്കേണ്ടതെന്ന് ശശി തരൂർ പറഞ്ഞു.
ആളുകൾ എന്ത് വേണമെങ്കിലും പറയട്ടെ, ഞാൻ എന്റെ ജോലി നോക്കുന്നുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് കെ കരുണാകരന്റെ പേരിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ. കെസി വേണുഗോപാലും കെ മുരളീധരനും അടക്കമുളളവരും അന്ന് ശശി തരൂരിനെ പരോക്ഷമായി വിമർശിച്ചിരുന്നു.
കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ തീരുമാനമെടുത്തതോടെയാണ് ശശി തരൂരിനെ സംസ്ഥാന നേതൃത്വത്തിന് അപ്രിയനാക്കിയത്. സംസ്ഥാന നേതാക്കളിൽ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ പിന്തുണച്ചുമില്ല. ഡിസിസി ഭാരവാഹികളെ അറിയിക്കാതെ പരിപാടികളിൽ പങ്കെടുക്കുന്നു എന്നുൾപ്പെടെയുളള വിമർശനങ്ങൾ നേതൃത്വം ഉന്നയിക്കുകയും ചെയ്തിരുന്നു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നേതൃത്വത്തെ അവഗണിച്ച് പലയിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിലും മാദ്ധ്യമശ്രദ്ധ നേടുന്നതിലും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് തരൂരിനോട് ഇപ്പോഴും അമർഷമുണ്ട്.
Discussion about this post