തിരുവനന്തപുരം: കോവളം ബീച്ചിൽ ബോട്ടുകൾ കൂട്ടിമുട്ടി അപകടം. ബോട്ടുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ പാരാസെയിലിംഗ് ബലൂണുമായി വിനോദസഞ്ചാരിയായ യുവാവ് കടലിൽ പതിച്ചു. ബോട്ടിലുണ്ടായിരുന്നവർ ഉടനെ തന്നെ ഇയാളെ കരയ്‌ക്കെത്തിച്ചതിനാൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയാടെയായിരുന്നു സംഭവം. വിനോദസഞ്ചാരിയുമായി പാരാസെയിലിംഗ് നടത്തിക്കൊണ്ടിരുന്ന ബോട്ടും, കരയിൽ നിന്നും വിനോദ സഞ്ചാരികളെ എത്തിക്കുന്ന ബോട്ടുമാണ് കൂട്ടിമുട്ടിയത്.
കൂട്ടിയിടിക്ക് പിന്നാലെ ബോട്ടിന്റെ വേഗത കുറയുകയും ബോട്ടിൽ ഘടിപ്പിച്ചിരുന്ന ബലൂണും പാരാസെയിലിംഗ് നടത്തിക്കൊണ്ടിരുന്നയാളും കടലിലേക്ക് വീഴുകയായിരുന്നു. എന്നാൽ അപകടം ഉണ്ടാകാതിരിക്കാൻ പാരാസെയിലർ വാട്ടർലാന്റിംഗ് നടത്തിയതാണെന്നാണ് പാരാസെയിലിംഗ് നടത്തുന്ന കമ്പനിയുടെ വാദം. പാരാസെയിലിംഗ് നടത്തുമ്പോൾ കാറ്റിന്റെ ഗതി മാറ്റം, കടലിൻറെ പ്രക്ഷുബ്ധാവസ്ഥ തുടങ്ങീ അപകടസാധ്യതയുള്ള അവസരങ്ങളിലെല്ലാം വാട്ടർലാന്റിംഗ് പതിവാണെന്നും ഇവർ പറയുന്നു. അപകടം സംബന്ധിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വിഴിഞ്ഞം തീരദേശ പോലീസും വ്യക്തമാക്കി. 2021ലാണ് ഇവിടെ പാരാസെയിലിംഗ് ആരംഭിച്ചത്.
Discussion about this post