തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനമുണ്ടെന്ന ആരോപണം തള്ളി സ്ഥാപനത്തിൻറെ ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായ ശങ്കർ മോഹനെതിരായി ഉയരുന്ന ആരോപണങ്ങൾ തെറ്റാണെന്നും അടൂർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെല്ലാം ശങ്കർ മോഹനൊപ്പമാണ്. അദ്ദേഹം തികച്ചും പ്രൊഫഷണലാണ്. അങ്ങനെ ഒരു വ്യക്തിക്ക് ഒരിക്കലും വിദ്യാർത്ഥികളോട് മോശമായി പെരുമാറാൻ സാധിക്കില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിക്ക് സ്ഥാനമില്ല. അവിടുത്തെ വിദ്യാർത്ഥി പ്രശ്‌നങ്ങൾക്ക് കാരണം ഒരു സെക്യൂരിറ്റി ഗാർഡ് ആണ്. 2014 മുതൽ ഇയാളാണ് ഇവിടുത്തെ സുരക്ഷ ചുമതലക്കാരൻ. മുൻ സൈനികനായ ഇയാൾ തന്റെ മദ്യത്തിൻറെ ക്വാട്ട കാണിച്ച് വിദ്യാർത്ഥികളെ മോഹിപ്പിക്കുകയാണ്. 17 ചാക്ക് മദ്യക്കുപ്പികളാണ് മെൻസ് ഹോസ്റ്റൽ പരിസരത്ത് നിന്ന് കണ്ടെത്തിയത്. ഇയാളെ പുറത്താക്കാൻ സെക്യൂരിറ്റി ചുമതലയുള്ള ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിരിഞ്ഞു പോകാൻ ഇയാൾ തയ്യാറായില്ല. അതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരമെന്നും അടൂർ ആരോപിച്ചു.
ആഷിഖ് അബു, രാജീവ് രവി തുടങ്ങിയവർ തന്നെ വിമർശിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്നും അടൂർ ആരോപിച്ചു. ഉത്തരവാദിത്വം ഇല്ലാത്ത നിലപാടാണ് അവരിൽ നിന്നും ഉണ്ടായത്. ന്യൂ ജനറേഷൻ ഫിലിം മേക്കേർസ് ആയ അവരിൽ എന്താണ് പുതുതായി ഉള്ളതെന്നും അടൂർ പരിഹസിച്ചു.
Discussion about this post