കൊച്ചി: ശബരിമലയിൽ ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ ഇടത് സംഘടനാ നേതാവ് അരുൺ കുമാറിനെ ഹൈക്കോടതിയിൽ ന്യായീകരിച്ച് പിണറായി സർക്കാർ. പോലീസുകാർ ഉൾപ്പെടെ മറ്റ് പലരും അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. അദ്ദേഹം ബോധപൂർവം ചെയ്ത സംഭവമല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
ശബരിമലയിൽ ഭക്തരെ ദേവസ്വം ബോർഡ് ജീവനക്കാരനായ ഇടത് സംഘടനാ നേതാവ് അരുൺ കുമാർ കഴുത്തിന് പിടിച്ചു തള്ളിയ സംഭവത്തിൽ അതിരൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. തീർത്ഥാടകരെ തള്ളാൻ ആരാണ് വാച്ചർക്ക് അനുവാദം കൊടുത്തതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു.
എങ്ങനെ ഈ പ്രവൃത്തിയെ ന്യായീകരിക്കാൻ കഴിയും? ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനത്തിന് എത്തുന്നത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു. സംഭവത്തിന്റെ വീഡിയോ പരിശോധിക്കുകയാണെന്ന് പറഞ്ഞ കോടതി, വാച്ചർ അരുൺ കുമാറിനെ കേസിൽ കക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ ഇടത് സംഘടനാ നേതാവിനെ ന്യായീകരിച്ച പിണറായി സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിലും നിറയുന്നത്. ബോധപൂർവമല്ല അയാൾ അങ്ങനെ ചെയ്തതെന്ന ന്യായീകരണത്തോട്, ബോധമില്ലാത്തവരെയാണോ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ.
സന്നിധാനത്ത് ഭക്തർക്കെതിരെ ആക്രമണം നടത്തിയ ദേവസ്വം വാച്ചർ അരുൺ കുമാർ ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയാണ്. മുഖ്യമന്ത്രി പിണറായി വിജയനം മറ്റ് സിപിഎം നേതാക്കൾക്കുമൊപ്പം ഇയാൾ നിൽക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരം മണക്കാട് സ്വദേശിയാണ് അരുൺ കുമാർ. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചറാണ് ഇയാൾ.
Discussion about this post