തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ ലഹരി ഉപയോഗിച്ച് നൃത്തം ചെയ്ത എസ്എഫ്‌ഐ നേതാവിനെതിരെ കൂടുതൽ നടപടി. നേതാവിനെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. എസ്എഫ്‌ഐ മുൻ ജില്ലാ അദ്ധ്യക്ഷൻ ജോബിൻ ജോസിനെയാണ് പുറത്താക്കിയത്.
സംഭവത്തിൽ നേരത്തെ ജോബിനെ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായത് പാർട്ടിയുടെ അന്തസ്സിന് യോജിക്കാത്ത പ്രവൃത്തിയാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. സിപിഎം നെയ്യാർ ഡാം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ജോബിൻ.
നവംബർ 11 നായിരുന്നു ജോബിൻ ജോസും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥും ക്യാമ്പസിനുള്ളിൽ ലഹരി ഉപയോഗിച്ച് നൃത്തം ചെയ്തത്. അന്നേ ദിവസം രാവിലെ ഇരുവരും ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ ക്യാമ്പെയ്‌നിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതോടെ പ്രതിരോധത്തിലായ പാർട്ടി ഇരുനേതാക്കളെയും സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു.
Discussion about this post