പാലക്കാട്: തിയേറ്ററുകളെ ജനസാഗരമാക്കി മഹാവിജയത്തിലേക്ക് നീങ്ങുന്ന മാളികപ്പുറത്തുന്റെ വിജയം ആഘോഷമാക്കി പാലക്കാട്ടെ ഉണ്ണി മുകുന്ദൻ ആരാധകർ. താരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് ആരാധകർ വിജയം കൊണ്ടാടിയത്. വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിക്ക് പാലക്കാട് പ്രിയദർശിനി തിയേറ്ററിലായിരുന്നു കട്ടൗട്ട് ഉയർന്നത്. ഓൾ കേരള ഉണ്ണി മുകുന്ദൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ബിജെപി നേതാവ് പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ളവർ ആരാധകരുടെ ആവേശത്തിൽ പങ്കുചേർന്ന് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, മാളികപ്പുറത്തിന്റെ തേരോട്ടം കേരളവും കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തമിഴിലും തെലുങ്കിലും കന്നഡയിലും ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള അറിയിച്ചു. ചിത്രത്തിന്റെ തമിഴ്- തെലുങ്ക് ട്രെയിലറുകൾക്ക് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്.
വിക്രം വേദ, രാക്ഷസൻ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രൈഡന്റ് ഫിലിംസാണ് തമിഴിൽ മാളികപ്പുറത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് കാന്താരയും മഗധീരയും ഗജിനിയും ഉൾപ്പെടെയുള്ള മെഗാ ഹിറ്റുകൾ പ്രദർശനത്തിനെത്തിച്ച ഗീത ആർട്സാണ്. അല്ലു അരവിന്ദ് സ്‌ഥാപിച്ച ഗീത ആർട്സിന് നേതൃത്വം നൽകുന്നത് തെലുങ്ക് സൂപ്പർ തരാം അല്ലു അർജുനാണ്.
Discussion about this post