കൊല്ലം: ആര്യങ്കാവിൽ നിന്ന് ഈ മാസം 11ന് പിടികൂടിയ പാൽ ഇതുവരെയും കേട് വന്നിട്ടില്ലെന്ന് ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ. പാലിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ക്ഷീര-ഭക്ഷ്യ വകുപ്പുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയതായി ക്ഷീരവകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് പാൽ പിടിച്ചെടുത്തത്. പാൽ നശിപ്പിക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പാൽ ഇതുവരെയും കേട് വന്നിട്ടില്ലെന്ന് കണ്ടെത്തുന്നത്.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ചാണ് പാൽ നശിപ്പിച്ചത്. പിടിച്ചെടുത്ത് ഒൻപത് ദിവസം കഴിഞ്ഞിട്ടും പാൽ പുതിയത് പോലെ തന്നെയാണ് കാണപ്പെട്ടത്. ശുദ്ധമായ പാൽ ആണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനകം പാൽ ഒരിക്കലും അതേ അവസ്ഥയിൽ തന്നെ ഉണ്ടാകില്ല. പാലിന്റെ അതേ മണമാണ് നശിപ്പിക്കുന്ന സമയത്തും ഉണ്ടായിരുന്നത്. ഇതിൽ നിന്ന് തന്നെ പാലിൽ മായം കലർന്നുവെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീരവികസന വകുപ്പ് നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് സാന്നിദ്ധ്യം കണ്ടെത്തിയത്. എന്നാൽ പിന്നീട് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മായം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന താമസിച്ചാണ് നടത്തിയത് എന്ന് മന്ത്രി ചിഞ്ചുറാണിയും ആരോപിച്ചിരുന്നു. എന്നാൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post