വാഷിംഗ്ടൺ ഡിസി; ജോലി നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞത് പുലർച്ചെ മൂന്ന് മണിക്ക്. അതും അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ഡീ ആക്ടിവേറ്റ് ആയപ്പോൾ. ഗൂഗിളിലെ ജീവനക്കാരൻ ആയിരുന്ന വാഷിംഗ്ടൺ ഡിസി സ്വദേശി ജസ്റ്റിൻ മൂറിന് ജോലി നഷ്ടമായത് ഇങ്ങനെയാണ്. ലിങ്ക്ഡിൻ കുറിപ്പിൽ ജസ്റ്റിൻ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.
12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് Inc കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പിരിച്ചുവിടലിനാണ് ജസ്റ്റിൻ മൂർ ഇരയായത്. ജോലി നഷ്ടപ്പെടുന്ന കാര്യം ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ ഇ മെയിൽ വഴി ജീവനക്കാരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഇവരെ കമ്പനിയുമായി ബന്ധപ്പെടുത്തിയിരുന്ന അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ആക്കിയത്.
കഴിഞ്ഞ 16.5 വർഷമായി ഗൂഗിളിനൊപ്പം ഉണ്ടായിരുന്ന ജീവനക്കാരനാണ് താൻ. ഇപ്പോൾ ആ 12,000 ഭാഗ്യശാലികളിൽ ഒരാളും ജസ്റ്റിൻ മൂർ പറഞ്ഞു. കമ്പനി യാതൊരു അറിയിപ്പും തന്നില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഗൂഗിളിലെ എൻജിനീയറിംഗ് മാനേജർ ആയിരുന്നു ജസ്റ്റിൻ മൂർ.
ഇത്രയും കാലം ഗൂഗിളിനൊപ്പം ഉണ്ടായിരുന്നത് മികച്ച അനുഭവമാണെന്നും ജസ്റ്റിൻ കുറിച്ചു. താനും തന്റെ ടീമും മികച്ച പ്രവർത്തനമാണ് നടത്തിയത്. ഒരുപാട് പ്രഗത്ഭരുമൊന്നിച്ച് തനിക്ക് ജോലി ചെയ്യാൻ സാധിച്ചുവെന്നും ജസ്റ്റിൻ കൂട്ടിച്ചേർത്തു. ജോലി ഒരിക്കലും നിങ്ങളുടെ ജീവിതമല്ല, വമ്പൻ തൊഴിൽ സ്ഥാപനങ്ങൾ പ്രത്യേകിച്ച് ഗൂഗിൾ പോലെ മുഖമില്ലാത്ത സ്ഥാപനങ്ങൾ നിങ്ങളെ 100 ശതമാനം ഡിസ്‌പോസിബിൾ ആയിട്ടാകും കണക്കാക്കുകയെന്നും ജസ്റ്റിൻ മൂർ പറയുന്നു. ജീവിതമാണ് ജീവിക്കേണ്ടത് അല്ലാതെ ജോലിയിൽ അല്ല.
ഒരു പക്ഷെ താൻ താഴെ വീണേക്കാം തനിക്ക് മുറിവ് പറ്റിയേക്കാം പക്ഷെ പിന്നീട് താൻ ഉയിർത്തെഴുന്നേൽക്കുകയും വീണ്ടും പറന്നുപൊങ്ങുകയും ചെയ്യുമെന്ന വരികൾ ഉദ്ധരിച്ചാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്. യുവാവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. നിരവധി പേരാണ് ജസ്റ്റിന്റെ ലിങ്ക്ഡിൻ പോസ്റ്റിന്റെ സ്്ക്രീൻ ഷോട്ട് പങ്കുവെയ്ക്കുന്നത്.
Discussion about this post