ജയ്പൂർ: രാസവസ്തുക്കൾ കലർന്ന കാലിത്തീറ്റ നൽകിയതിനെ തുടർന്ന് രാജസ്ഥാനിൽ 30 ലധികം കന്നുകാലികൾ കൂട്ടത്തോടെ ചത്തു. സവായ് മാധോപൂർ ആസ്ഥാനമായുളള കമ്പനി വിതരണം ചെയ്ത കാലിത്തീറ്റയാണ് മിണ്ടാപ്രാണികളുടെ ജീവനെടുത്തത്. വിഷം കലർന്ന വസ്തുക്കളോ രാസവസ്തുക്കളോ കലർന്നതോ ആയ കാലിത്തീറ്റയാണ് ഇവർ വിതരണം ചെയ്തതെന്നാണ് സംശയം.
ഒരു കർഷകന്റെ മാത്രം 32 പോത്തുകളും എരുമകളുമാണ് ചത്തത്. സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. കദാർപൂർ വില്ലേജിലെ ഖെംരാജ് എന്ന കർഷകനാണ് പരാതി നൽകിയത്. തന്റെ 41 കന്നുകാലികളെ ഗ്രാമത്തിന് സമീപത്താണ് പാർപ്പിച്ചിരുന്നതെന്നും മാധോപൂരിലെ കമ്പനിയാണ് പതിവായി ഇവിടേക്ക് കാലിത്തീറ്റ വിതരണം ചെയ്തിരുന്നതെന്നും ഇയാൾ പറഞ്ഞു. എന്നാൽ അടുത്തിടെ നൽകിയ തീറ്റയിൽ രാസവസ്തുക്കളോ വിഷമോ കലർന്നിരുന്നു എന്ന് പരാതിയിൽ പറയുന്നു.
ജനുവരി 17 ന് തീറ്റയെടുത്ത കാലികൾ തളർന്നു വീഴുവാൻ തുടങ്ങി. വെറ്ററിനറി ഡോക്ടറെ അറിയിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് ഖെംരാജ് പറഞ്ഞു. തീറ്റയിൽ രാസവസ്തുക്കൾ കലർന്നിട്ടുണ്ടാകാമെന്ന സംശയം ഡോക്ടർ തന്നെയാണ് പങ്കുവെച്ചത്. ശനിയാഴ്ചയോടെ 32 കന്നുകാലികൾ ചത്തുവീണതായും പരാതിയിൽ ഖെംരാജ് പറഞ്ഞു.
പാല് തരുന്നവയാണ് ചത്തതിൽ അധികവും തനിക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമുണ്ടായതെന്നും ഖെംരാജ് പറയുന്നു. തുടർന്നാണ് സെക്ടർ 65 പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കന്നുകാലികൾക്ക് ശാരീരികക്ഷതം വരുത്തുകയോ അവയെ കൊല്ലുകയോ ചെയ്ത കുറ്റത്തിന് സെക്ഷൻ 429 അനുസരിച്ചാണ് കേസ് എടുത്തത്.
Discussion about this post