തിരുവനന്തപുരം ; മൃഗശാലയിലെ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ പരിശോധന നടത്തി.
കഴിഞ്ഞ 5 വർഷത്തിനിടെ മൃഗശാലയിൽ ചത്തത് 3 കടുവകൾ ഉൾപ്പെടെ 422 മൃഗങ്ങളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുൾപ്പെടെ 126 മൃഗങ്ങളുടെയും ജീവൻ നഷ്ടമായി. അടുത്തിടെ ചത്ത കൃഷ്ണ മൃഗങ്ങളുടെയും പുള്ളിമാനുകളുടെയും സാംപിളുകൾ പരിശോധിച്ചതിൽ ക്ഷയരോഗ ബാധ കണ്ടെത്തിയിരുന്നു.
രോബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാൻ നിർദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ രോഗസാധ്യത പൂർണമായും തള്ളിക്കളയുന്നില്ല. മനുഷ്യരിലേക്ക് രോഗബാധ ഉണ്ടാകുമോയെന്ന പരിശോധനയും പൂർത്തിയാക്കി. മൃഗ സംരക്ഷണവകുപ്പിന് സിയാഡ് സംഘം താമസിയാതെ റിപ്പോർട്ട് നൽകും.
നാല് ദിവസത്തിനകം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. നിലവിൽ മൃഗശാല അടച്ചിടേണ്ടതില്ലെന്നാണ് വിലയിരുത്തൽ. പ്രായാധിക്യവും രോഗങ്ങളും ബാധിച്ച് ഭൂരിഭാഗം മൃഗങ്ങളും കൂടൊഴിഞ്ഞിരിക്കുകയാണ്. ക്ഷയരോഗം സ്ഥിരീകരിച്ചതിനാൽ നടപടിയാവശ്യപ്പെട്ട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്ന് മൃഗശാലാ ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്. നഗരമധ്യത്തിൽ നിന്ന് മാറി മൃഗങ്ങൾക്ക് പറ്റിയ ആവാസ വ്യവസ്ഥയുള്ള ഒരിടത്തേക്ക് മൃഗശാല മാറ്റണമെന്ന ആവശ്യവും ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്.
Discussion about this post