എറണാകുളം: മസാലദോശ പരാമർശത്തിൽ മുൻ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ. അരുൺ കുമാറിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഭക്ഷണത്തിൽ സാധാരണക്കാരൻ കാണുന്നതും ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരും കാണുന്നത് എന്തെല്ലാമാണെന്ന് പ്രത്യേകം പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. നവോത്ഥാനത്തിന്റെ പേരിലാണ് ഇവർ സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മൾ കാണുന്നത് ഒരു മസാലദോശ, രണ്ട് ഇഡ്ഡലി, ആവശ്യത്തിന് സാമ്പാർ, ചമ്മന്തി, ഉഴുന്നുപൊടി, മുളക്. വിളമ്പിയിരിക്കുന്നത് വാഴയിലയിൽ.
കുത്തിത്തിരിപ്പൻ കാണുന്നത് പിന്തള്ളപ്പെടുന്ന ഭരണഘടന ഒന്ന്, വെള്ളപൂശപ്പെട്ട ഫാസിസം രണ്ടു കഷണം, പടർന്നു പന്തലിച്ച ബ്രാഹ്മണ്യ മേധാവിത്തം, സവർണ വർഗീയ ബോധം, തികട്ടിവരുന്ന മാടമ്പിത്തരം, ഉഗ്രമായ ജാതിവിവേചനം. വിളമ്പിയിരിക്കുന്നത് നവോത്ഥാനത്തിന്റെ മുകളിൽ.- ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.
പ്യുവർ വെജിറ്റേറിയൻ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് സവർണ മേധാവിത്വത്തിന്റെ ഭാഗമായാണ് എന്നായിരുന്നു അരുൺ കുമാർ പറഞ്ഞിരുന്നത്. ഇവിടെ നിന്നും മസാലദോശ കഴിക്കുമ്പോൾ ഭരണഘടന പിന്തള്ളപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post