ലോകത്തെ സർവ്വചരാചരങ്ങളും ഈശ്വരചൈതന്യത്താൽ അനുഗ്രഹീതരാണ്. അതായത് ലോകത്തെ ഒരു മണൽത്തരി പോലും പൂജനീയം എന്ന് തന്നെ സാരം. അങ്ങനെ, കുഞ്ഞു ഉറുമ്പിനെ മുതൽ ആനയെ വരെ പോലും ആരാധിക്കുന്നവരാണ് മനുഷ്യൻ. ഉറുമ്പിനെ ആരാധിക്കുന്ന സ്ഥലം കാണാൻ ദൂരയൊന്നും പോവേണ്ട. വടക്കേ മലബാറിൽ കണ്ണൂർ നഗരത്തിൽ നിന്ന് മാറി തോട്ടട കുറ്റിക്കകത്താണ് ഉറുമ്പ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാനൂറ് വർഷത്തെ പഴക്കമുള്ള ഉറുമ്പച്ചൻ കോട്ടം തേടി നിരവധി വിശ്വാസികളാണ് എത്തുന്നത്.
ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ഉറുമ്പിനെ പൂജിക്കാൻ ആരംഭിച്ചത്. ഇവിടെ ഒരു ഗണപതി ക്ഷേത്രം നിർമ്മിക്കാൻ ഉദ്ദേശിച്ച് കുറ്റിയടിച്ചിരുന്നു. എന്നാൽ പിറ്റേദിവസം കുറ്റിയടിച്ച സ്ഥലത്ത് ഉറുമ്പിന്റെ കൂടും അടിച്ച കുറ്റി മറ്റൊരിടത്തും കാണപ്പെട്ടു. പ്രശ്‌ന ചിന്തയിൽ ഇവിടെ ഉറുമ്പുകളുടെ ദേവസ്ഥാനമാണെന്ന് കണ്ടെത്തി. തുടർന്ന് കുറ്റി മാറി നിന്ന സ്ഥലത്ത് ഗണപതി ക്ഷേത്രം നിർമ്മിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. സമീപത്തെ ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ ആരൂഢമായിട്ടാണ് ഈ സ്ഥലം കണക്കാക്കപ്പെടുന്നത്. എല്ലാ മാസവും ഈ ക്ഷേത്രത്തിൽ പൂജ നടക്കുമ്പോൾ ആദ്യ നിവേദ്യം ഉറുമ്പുകൾക്കാണ് നൽകുന്നത്.
\
ക്ഷേത്രത്തിന്റെ ഘടനയോ രൂപമോ ഉറുമ്പച്ചൻ കോട്ടത്തിലെത്തുന്ന വിശ്വാസിക്ക് കാണാൻ കഴിയില്ല. ഒന്നര മീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള തറയിലാണ് പൂജാദി കർമ്മങ്ങൾ. സുബ്രമണ്യന്റെ ചൈതന്യം ഈ ക്ഷേത്രത്തിൽ ഉണ്ടെന്നാണ് വിശ്വാസം. അതിനാൽ ഉറുമ്പച്ചനെ പ്രീതിപ്പിക്കുന്നതിനായി എന്നും ഒരു പരികർമ്മി വന്ന് രാവിലെയും സന്ധ്യാനേരത്തും ഇവിടെ വിളക്കു വയ്ക്കാറുണ്ട്. വൈകുന്നേരം 4;30 ന് എത്തുന്ന വിശ്വാസികൾ തേങ്ങയുടച്ച് തറയിൽ ഒഴിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്.ഉറുമ്പച്ചൻകോട്ടത്തിൽ നാളികേരം സമർപ്പിക്കുന്നവർ ഉദയമംഗലം ശ്രീ ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തണമെന്നാണ് വിശ്വാസം. വീടുകളിലും താമസസ്ഥലത്തും ഉറുമ്പുകളുടെ ശല്യം കാരണമാണ് പലരും ഇവിടേക്ക് വരുന്നത്. പലർക്കും ഇവിടെ ആരാധന നടത്തിയതിനാൽ ഈ പ്രശ്‌നം മാറിയിട്ടുണ്ടെന്ന് ഭക്തർ പറയുന്നു.
Discussion about this post