നിലപാട്
മനു എറണാകുളം
മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് പറയുന്ന ജനപ്രതിനിധികളും, രാമന്റെ മക്കള്‍ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളു എന്ന് പറയുന്ന വനിത സിംഗങ്ങളും, മോദിയ്ക്കുണ്ടാക്കുന്ന ശല്യം ചെറുതല്ല. നാക്ക് നിയന്ത്രിക്കാന്‍ മോദി പലതവണ പറഞ്ഞിട്ടും അത് നടപ്പാകാതെ വരുന്നത് ഇവര്‍ മറ്റ് പലരുടേയും നാവായത് കൊണ്ട് കൂടിയാണ്.
കേരള ഹൗസില്‍ പശു ഇറച്ചി വിതരണം ചെയ്യുന്നുവെന്ന് ഹിന്ദു സേന നേതാവ് വിഷ്ണുഗുപ്തയ്ക്കെ് വിവരം ലഭിക്കുക്കുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി കേരള ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ വിഷ്ണുഗുപ്ത തീരുമാനിക്കുന്നു. പശു ഇറച്ചി തന്നെയാണോ വിതരണം ചെയ്യുന്നത് എന്നുറപ്പിക്കാനുള്ള നേതൃഗുണമൊന്നും വിഷ്ണുഗുപ്തനില് നിന്ന് പ്രതീക്ഷിക്കേണ്ട..കാരണം പശു ഇറച്ചിയാണോ…അല്ലയോ കേരള ഹൗസിലുള്ളത് എന്നതല്ല ഒരു വിഷ്ണുഗുപ്തയ്ക്കും അറിയേണ്ടത്.. കേരള ഹൗസില്‍ പശു ഇറച്ചി വിതരണം ചെയ്യുന്നുവെന്ന വാര്‍ത്തയുണ്ടാക്കുന്ന മൈലേജും അത് ഉണ്ടാക്കുന്ന വര്‍ഗ്ഗീയ ധ്രൂവീകരണവും തന്നെയാണ് വിഷ്ണുഗുപ്തമാര്ക്ക ആവശ്യം. പശു ഇറച്ചി വിതരണം ചെയ്തതതില്‍ മനം നൊന്തല്ല, മറിച്ച് അത് രാഷ്ട്രീയമായി ഉയര്‍ത്തികൊണ്ട് വരുന്ന തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുക എന്നത് മാത്രമാണ് വിഷ്ണുഗുപ്തന്മാരുടെ നിയോഗം.
പശു എന്ന വാക്കുണ്ടാക്കുന്ന സെന്റിമെന്റ്സിന് ഉപയോഗിച്ച് രാഷ്ട്രീയമായ നേട്ടം ചിലര്‍ക്ക് കൊയ്ത് നല്കുന്ന കൈകളാണ് ഇത്തരം ചെറു സംഘടനകള്‍ എന്നതില്‍ ആര്‍ക്കുമില്ല സംശയം. കേരള ഹൗസില്‍ വിതരണം ചെയ്യുന്നത് ഡല്‍ഹിയിലെ സര്‍ക്കാര്‍ അംഗീകൃത മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന പോത്തിറച്ചി ആണെന്ന് അറിയാത്ത ആളല്ല ിഷ്ണുഗുപ്ത. എന്നാല്‍ കൃത്യമായ അജണ്ടയോടെ ഡല്‍ഹി പോലിസില്‍ പരാതിപ്പെട്ട വിഷ്ണു ഗുപ്തയും കേട്ടപാതി കേള്‍ക്കാത്ത പാതി സ്ഥലത്ത് ഓടിയെത്തിയ ഡല്‍ഹി പോലിസും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും ചിലരുടെ ചട്ടുകങ്ങള്‍ മാത്രം. എന്തായാലും ജമ്മു കശ്മീര്‍ എംഎല്‍എയുടെ ശരീരത്തില്‍ കരി മഷി ഒഴിച്ച അതേ ലാഘവത്തോടെ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന മറ്റ് കാര്യങ്ങള്‍ ചെയ്യുന്ന വിഷ്ണുഗുപ്തന്മാര് നരേന്ദ്രമോദി സര്‍ക്കാരിനെ സഹായിക്കാനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് വിശ്വസിക്കാന്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയാസമുണ്ട്. മോദിയുടെ വികസന നേട്ടങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന വലിയൊരു ഗ്രൂപ്പിന്റെ ചട്ടുകങ്ങളാണോ ഇത്തരം വ്യക്തികള്‍ എന്ന് ന്യായമായും ആര്‍ക്കും സംശയിക്കാം.
മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് പറയുന്ന ജനപ്രതിനിധികളും, രാമന്റെ മക്കള്‍ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളു എന്ന് പറയുന്ന വനിത സിംഗങ്ങളും, മോദിയ്ക്കുണ്ടാക്കുന്ന ശല്യം ചെറുതല്ല. നാക്ക് നിയന്ത്രിക്കാന്‍ മോദി പലതവണ പറഞ്ഞിട്ടും അത് നടപ്പാകാതെ വരുന്നത് ഇവര്‍ മറ്റ് പലരുടേയും നാവായത് കൊണ്ട് കൂടിയാണ്. ഹിന്ദുത്വത്തെ സ്നേഹിക്കുന്നു എന്ന പേരില്‍ മോദിയ്ക്കൊപ്പം നില്ക്കുന്ന യുവതയെ ഇത്തരം നടപടികളിലൂടെ പറ്റിക്കാം എന്നാണ് ഇവരുടെ മനസ്സിലിരുപ്പ്. എന്നാല്‍ ഇത്തരം വിവാദങ്ങളോട് മുഖം തിരിച്ച് വികസനത്തോടൊപ്പം നില്ക്കുന്ന യുവത രൂപപ്പെടുന്നുണ്ട് എന്ന വസ്തുത തള്ളികളയാനാവില്ല. മോദിയെ നാണക്കേടിന്റെ മഞ്ഞവെളിച്ചത്തില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതാര്…? ഇന്ത്യ ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു ചോദ്യമാണിത്..അറുപത് വര്‍ഷത്തിനിടെ ഇന്ത്യ രാഷ്ട്രീയമായും, സാമ്പത്തീകമായും, പാരമ്പര്യ ഉദ്ഘോഷത്തിലായാലും അതിന്റെ ഏറ്റവും മികവില്‍ നില്ക്കുന്ന സമയമാണിത്.
നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ അഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപിടിക്കുന്നു. ഇന്ത്യന്‍ പ്രതിഛായ ആഗോള തലത്തില്‍ ഉയര്‍ത്തുന്നു. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം വേണമെന്ന ആവശ്യം യഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നു. വ്യവസായ ലോകം ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ കാത്ത് നില്ക്കുന്നു.. വിദേശതലത്തിലെ മികവിനൊപ്പം രാജ്യത്തെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. 15 മാസത്തിനിടെ നൂറോളം ജനക്ഷേമ പദ്ധതികള്‍. സ്വച്ഛഭാരത് ഉള്‍പ്പടെ ഭാവി ഭാരതത്തെ കെട്ടിപ്പടുക്കാവുന്ന ദീര്‍ഘവീക്ഷണമുള്ള നിരവധി മുന്നേറ്റങ്ങള്‍. രാജ്യഭരണവുമായി ബന്ധപ്പെട്ട ഈ മികവ് കണക്കിലെടുക്കുമ്പോള്‍ അഭിമാനത്തിന്റെ വെള്ളിവെളിച്ചത്തിലാണ് മോദിയുടെയും എന്‍ഡിഎ സര്‍ക്കാരിന്റെയും നില്പ്. എന്നാല്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഈ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപരി മോദിയെ വിവാദങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്തുകയാണ് ചിലര്‍.
ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കേ..യുപി തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ മോദിയെ വിമര്‍ശനത്തിന്റെ ശരശയ്യയില്‍ കിടത്താനുള്ള നീക്കം തുടങ്ങിയിട്ട് മാസങ്ങളായി. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് വര്‍ഗ്ഗീയധ്രൂവീകരണം ഉണ്ടാകുമെന്ന തുടക്കം മുതലുള്ള പ്രചരണത്തിന്റെ തീയിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുന്നവര്‍ തന്നെയാണ് ഇതിന് ഉത്തരവാദികള്‍. തുടക്കം മുതല്‍ നരേന്ദ്രമോദിയും അമിത്ഷായും ശക്തമായ താക്കിതുകള്‍ നല്‍കിയിട്ടും ഒതുങ്ങാത്ത വലത് പക്ഷ ഹിന്ദു തീവ്രവാദ സംഘടനകളും അവരെ പിന്തുണക്കുന്ന ചില ബിജെപി ജനപ്രതിനിധികളും ആണ് പ്രതികൂട്ടില്‍.
മോദിയുടെ കൂടെ എന്ന വ്യാജേന എന്‍ഡിഎ സര്‍ക്കാരിനിട്ട് കൊടുക്കുന്ന ‘പണികള്‍’ ഒന്ന് വിലയിരുത്തിയാല്‍ അക്കാര്യം മനസ്സിലാകും.
യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ്, സാക്ഷി പ്രാചി, എന്നിങ്ങനെയുള്ള നാക്കിന് എല്ലില്ലാത്ത പ്രതികരണക്കാരുടെ പിന്‍ബലം എന്തെന്ന് പരിശോധിച്ച് അതിനെ തടയിടേണ്ട കാലം ബിജപിയെ സംബന്ധിച്ച് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളത്തെ ഭരണത്തിനിടെ ഒരു അഴിമതി ആരോപണം പോലും വന്നില്ലല്ലോ എന്ന് അഭിമാനത്തോടെ മോദി പറയുമ്പോള്‍…വിമര്‍ശകര്‍ക്ക് എറിയാന്‍ കല്ല് നല്‍കുകയാണ് ഈ ഹിന്ദുത്വ വാദി ചമയുന്ന വിഷ്ണുഗുപ്തന്മാര്.
ദാദ്രിയായാലും, അനവസരത്തില്‍ പ്രശസ്തി ലക്ഷ്യമിട്ട് കൂടി നടത്തുന്ന വിഷലിപ്തമായ പ്രസ്താവനകളായാലും ദളിത് വധത്തോടുള്ള പ്രതികരണമായാലും..അതെല്ലാം മോദിയില്‍ ചെന്നെത്തിക്കുന്നതില്‍ ഈ സംഘം ചെയ്യുന്ന പങ്ക് വലുതല്ല. അറിയാതെ പറ്റുന്ന അബദ്ധങ്ങളല്ല ഇത്തരം പ്രസ്താവനകളെന്ന് മനസ്സിലാക്കാതെ ഇരുന്നാല്‍ അത് മോദി സര്‍ക്കാരിനുണ്ടാക്കുന്ന അപകടം ചെറുതാവില്ല. വികസനം, അഴിമതി വിരുദ്ധം, ജനക്ഷേമം എന്നിവ നല്കുന്ന ആത്മവിശ്വാസത്തെ തകര്‍ക്കുന്ന മാരാകമായ ആയുധമാണ് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്ന് ബിജെപി അണികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ആത്മവിശ്വാസമുള്ള, ഐക്യമുള്ള ജനതയെ നമുക്ക് ആവശ്യമുണ്ട്. എല്ലാവരും ഒന്നിച്ച് നില്ക്കുന്ന നാടിന് മാത്രമേ പുരോഗതിയുണ്ടാകു എന്ന് ആര്‍ക്കാണ് അറിയാത്തത്..ഈ വിഷ്ണുഗുപ്തന്മാര്ക്കും, അവര്‍ക്ക് കൈകൊടുക്കുന്നവര്ക്കും ഒഴികെ….?
Discussion about this post