കുടുംബത്തിലെ വിളക്കാണ് കുട്ടികൾ. ഏതൊരു നിമിഷത്തെയും മനോഹരമാക്കാൻ ഉള്ള പ്രത്യേക കഴിവാണ് കുട്ടികൾക്ക് ഉള്ളത്. വളരെ ശ്രദ്ധ കൊടുക്കേണ്ട പ്രായമാണ് കുട്ടിക്കാലം. കുട്ടികൾ ഒരു പ്രായം എത്തുന്നത് വരെ മാതാപിതാക്കൾക്ക് ഒപ്പം കിടക്കുന്നത് സാധാരണമാണ്. എന്നാൽ പിന്നീട് ഇവരെ ഒറ്റയ്ക്ക് കിടക്കുന്ന ശീലത്തിലേക്ക് മാറ്റുന്നതിൽ വലിയ വെല്ലുവിളി നേരിടുന്നു. ഒറ്റയ്ക്ക് കിടക്കാൻ കുട്ടികൾക്ക് പേടി തോന്നുകയും കുട്ടികളെ പിരിഞ്ഞുകിടക്കാൻ മാതാപിതാക്കൾക്കും താത്പര്യവും കുറയും.
പക്ഷേ അൽപ്പം ക്ഷമയുണ്ടെങ്കിൽ നമുക്ക് എളുപ്പം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. കുട്ടികളിൽ എപ്പോൾ ഈ ശീലം വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. കോ-സ്ലീപ്പിംഗ് അഥവാ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുന്നത് ഇരുകൂട്ടർക്കും ഇടയിലെ ബന്ധത്തിന് ദൃഢത നൽകുന്നതാണ്. എന്നാൽ ഒറ്റയ്ക്ക് ഉറങ്ങി ശീലിക്കുന്നത് കുട്ടികളിൽ സ്വാതന്ത്ര്യം വളർത്തുന്നു. കുട്ടികൾ വളർച്ചയുടെ പ്രായത്തിൽ തന്നെ സ്വന്തമായി സാഹചര്യങ്ങളെയും വികാരങ്ങളെയും വിചാരങ്ങളെയും നേരിടാൻ പഠിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് കിടക്കാൻ ശീലിക്കുന്നതിലൂടെ ഒരു മുറിയിൽ ഒറ്റയ്ക്കാണെങ്കിലും ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളർത്തിയെടുക്കാൻ അവരെ സഹായിക്കുന്നു.
കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ നല്ല ഉറക്കശീലങ്ങൾ വളത്തിയെടുക്കുക. സാധാരണയായി അവർ ഉറങ്ങുന്ന സമയം എത്തുമ്പോഴേക്കും കുട്ടിയെ അവരുടെ കിടക്കയിൽ കിടത്തി പരിചയപ്പെടുത്തുക. ഇക്കാര്യത്തിൽ സ്ഥിരത പ്രധാനമാണ്. അവർ തനിച്ച് കിടക്കാൻ തുടങ്ങിക്കഴിഞ്ഞാൽ എല്ലാ രാത്രിയും കുട്ടി തനിച്ച് തന്നെ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക. കുട്ടികളെ ആശ്വസിപ്പിക്കുകയും ഒറ്റയ്ക്ക് കിടക്കേണ്ടതിന്റെ ആവശ്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും അവർക്ക് സുരക്ഷിതത്വം തോന്നുന്നത് വരെ അടുത്ത് ഇരിക്കുകയും വേണം. അവരുടെ മുറി ആകർഷകമാക്കാൻ നൈറ്റ്ലൈറ്റ് അല്ലെങ്കിൽ പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിക്കുക. ഓരോ കുട്ടിയ്ക്കും ഈ ശീലവുമായി പൊരുത്തപ്പെടുന്നതിന് സമയം ആവശ്യമാണ്. മാതാപിതാക്കൾ ക്ഷമയോടെ കാത്തിരിക്കുക.
Discussion about this post