ന്യൂഡൽഹി: എന്തും പറയാവുന്ന ഒരു കാലത്തിലേക്ക് കോൺഗ്രസുകാർ അധ:പതിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഇന്നത്തെ അവസ്ഥയിൽ രാഹുൽ ഗാന്ധിയോട് തനിക്ക് സഹതാപമാണുള്ളത്. ഈ രീതിയിൽ പോയാൽ കോൺഗ്രസിന്റെ ഭാവി വിദൂരമാണെന്നും സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു.
താൻ ജനിച്ചപ്പോൾ മുതൽ കണ്ടുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിയല്ല ഇപ്പോഴുള്ളത്. ബിജെപിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എങ്കിലും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ രാഷ്ട്രീയം മറന്ന് നമ്മൾ നിലപാടുകൾ സ്വീകരിക്കണം.
കോൺഗ്രസ് ഇപ്പോൾ ഒരു പ്രത്യേക രീതിയിൽ പോകുകയാണ്. വൈരാഗ്യവും വിദ്വേഷവും അസഭ്യവും പറയുന്ന ഒരുപറ്റം അണികളാണ് ഇന്ന് കോൺഗ്രസിൽ ഉള്ളത്. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും, സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അനിൽ ആന്റണി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരായ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ അനിലിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടെയും അണികളുടെയും സൈബർ ആക്രമണവും അസഭ്യ വർഷവും രൂക്ഷമായതിന് പിന്നാലെ അനിൽ എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്റർ പദവി രാജി വെക്കുകയായിരുന്നു. പിന്നാലെ പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജി വെച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു.
Discussion about this post